ബഹ്‌റൈന്റെ വികസനത്തിന് ബിഡിഎഫ് നിർണായക പങ്ക് വഹിക്കുന്നു: പ്രിൻസ് സൽമാൻ
മനാമ : രാജ്യത്തിന്റെ വിലയേറിയ നേട്ടങ്ങൾ സംരക്ഷിക്കാൻ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്), നിർണായക പങ്കു വഹിക്കുന്നുവെന്ന് ബഹ്‌റൈൻ കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ഇസ റോയൽ മിലിറ്ററി കോളേജിലെ പന്ത്രണ്ടാമത് ബിരുദധാരികളായ ഓഫീസർ കേഡറ്റുകളെ അടയാളപ്പെടുത്തുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ യഥാർഥ സമ്പത്ത് ബഹ്‌റൈൻ പൗരന്മാരാണ്, അവരാണ് രാജ്യത്തിന്റെ വികസനത്തിനും ആധുനികവൽക്കരണത്തിനും പിന്നിലെന്നും പ്രിൻസ് സൽമാൻ ബിരുദധാരികളെ ഓർമിപ്പിച്ചു. ഇസ റോയൽ മിലിട്ടറി കോളേജിന്റെ പരിശീലന പരിപാടികൾ സ്ഥിരമായി രാജ്യത്തിന് സേവനം ലഭ്യമാക്കാൻ കഴിവുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ, ബഹ്‌റൈൻ രാജാവിന് പകരമായാണ് ഹിസ് ഹൈനസ് ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ എന്നിവർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തത്. കമ്മീഷനിങ് ഓഫീസർമാർക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു, കോളേജിലെ മികച്ച വിജയം നേടിയവരെ ആശംസിക്കുകയും ചെയ്തു.

