ട്രാഫിക് ഫൈനുകൾ കുറയ്ക്കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് പാർലമെന്ററി പാനൽ
മനാമ : വിദേശകാര്യവകുപ്പ്, പ്രതിരോധ വകുപ്പ്, നാഷണൽ സെക്യൂരിറ്റി കമ്മിറ്റി തുടങ്ങിയവ ട്രാഫിക് ഫൈനുകൾ കുറയ്ക്കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ചു. ജനങ്ങളെ ബോധവത്കരിച്ച്, പിഴ ഭാരം കുറയ്ക്കാനാണ് ബില്ല് ലക്ഷ്യമിടുന്നതെന്ന് കമ്മിറ്റി തലവൻ അബ്ദുള്ള ബിൻഷായി പറഞ്ഞു. നിയമലംഘനം നടന്ന് 15 ദിവസത്തിനുള്ളിൽ പിഴയൊടുക്കിയാൽ തുകയുടെ 50 ശതമാനം അടച്ചാൽ മതി. ഫൈൻ ഇല്ലാതെ തുക അടയ്ക്കാവുന്ന കാലാവധി 30ൽ നിന്നും 45 ആക്കി ഉയർത്തണമെന്നും നിർദ്ദേശമുണ്ട്.
ബില്ലിന് പിന്തുണ നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് അടുത്തുതന്നെ വോട്ടിനായി സഭയിലെത്തും. ഇതിന് മുൻപായി ഷൂറ കൗൺസിൽ ബില്ലിന്മേൽ കൂടുതൽ ചർച്ചകൾ നടത്തും. 2014ലെ ലോ 23 (ട്രാഫിക് നിയമം) ഭേദഗതി ചെയ്യണമെന്ന് ബിൽ ആവശ്യപ്പെടുന്നു.
പിഴയും നിയമലംഘനങ്ങളും സംബന്ധിച്ച് നിയമത്തിലെ 56−ാം അനുച്ഛേദം ഭേദഗതി ചെയ്യാൻ എം.പി ഖാലിദ് അൽ ഷയീറാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. പൊതുമുതലിനോ സ്വകാര്യ വസ്തുക്കൾക്കോ നാശനഷ്ടം ഉണ്ടാക്കുക, ഹെൽമറ്റ് ഇല്ലാതെ മോട്ടോർസൈക്കിളുകളിൽ യാത്രചെയ്യുക, ലൈറ്റുകൾ ഇല്ലാതെ വാഹനം ഓടിക്കുക, അശ്രദ്ധമായ ഡ്രൈവിംഗ്, മറ്റുള്ളവർക്ക് അപകടമുണ്ടാക്കൽ, വാഹനത്തിൽ സ്റ്റിക്കറുകളും പരസ്യങ്ങളും പതിപ്പിക്കൽ, അനധികൃത ലൈറ്റുകൾ ഘടിപ്പിക്കൽ, പാർക്കിങ് ലൈറ്റുകൾ ഓൺ ചെയ്യാതെ ഇരുട്ടിൽ വാഹനം പാർക്ക് ചെയ്യൽ എന്നിങ്ങനെയുള്ള ഗതാഗത നിയമ ലംഘനങ്ങൾക്കാണ് പിഴയീടാക്കുന്നത്.
മുൻ സീറ്റിൽ 10 വയസിന് താഴെയുള്ള കുട്ടികളെ ഇരുത്തുക, അനുവാദമില്ലാതെ മറ്റ് ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കുക, ഗതാഗതം മനഃപൂർവ്വം തടസ്സപ്പെടുത്തുക, ഡ്രൈവിംഗ് ലൈസൻസ് കൈവശം െവയ്ക്കാതിരിക്കുക, ഡ്രൈവിങ്ങിനിടക്ക് മൊബൈൽ ഫോണുകൾ ഉപയോഗിക്കുക എന്നിവയും പിഴയീടാക്കാവുന്ന ഗതാഗത നിയമ ലംഘനങ്ങളാണ്.

