ചുട്ടു പൊള്ളുന്ന ചൂട് : വാ­ഹനങ്ങൾ­ക്ക് തീ­പ്പി­ടി­ക്കു­ന്നത് പതി­വാ­കു­ന്നു­


മനാമ : ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കും നിർത്തിയിട്ട വാഹനങ്ങൾക്കും തീപ്പിടിക്കുന്ന സംഭവങ്ങൾ രാജ്യത്ത് പതിവാകുന്നു. ഇത്തരത്തിൽ പലയിടങ്ങളിലും സംഭവിക്കുന്നതായി പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അന്തരീക്ഷത്തിലെ കഠിന താപം വാഹനങ്ങൾ ചുട്ടു പൊള്ളുന്നതിന് കാരണമാവുകയും അതുവഴി എഞ്ചിൻ ചൂടാവുകയും ഇത് തീപ്പിടുത്തമുണ്ടാവുന്നതിന് കാരണവുമാകുന്നു. ഇത്തരം അത്യാഹിത സംഭവങ്ങൾ  ഉണ്ടാകാതിരിക്കാൻ വാഹനങ്ങൾ‍ക്ക് കൃത്യമായി അറ്റകുറ്റപ്പണി നടത്തുകയും എഞ്ചിൻ‍, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രവർ‍ത്തനക്ഷമത കൃത്യമായി പരിശോധിക്കുകയും വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വാഹനത്തിനുള്ളിലിരുന്നുള്ള പുകവലി, നിർ‍മ്മാണത്തിലെ പാളിച്ച, വാഹനങ്ങൾ‍ക്ക് നിയമവിരുദ്ധമായ മാറ്റം വരുത്തൽ എന്നിവയെല്ലാം തീപ്പിടിത്തത്തിന് കാരണമാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്ധനചോർ‍ച്ച, വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി, എഞ്ചിനുകൾ തമ്മിലുള്ള ഉരസൽ എന്നിവയും തീപ്പിടുത്തതിനുള്ള മറ്റ് കാരണങ്ങളാണ്. എഞ്ചിനിൽ നിന്നുള്ള ഓയിൽ ചോർച്ച, ബാറ്ററിയുമായുള്ള കണക്ഷനിലെ അപാകതകൾ ഒക്കെയും ചൂടുകാലത്തുള്ള തീപ്പിടുത്തതിന് കാരണമാകാമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. തുടർച്ചയായ എയർ കണ്ടീഷൻ ഉപയോഗവും ദീർഘ ദൂര യാത്രയും ചൂടുകാലത്ത് ഒഴിവാക്കണം. അല്ലെങ്കിൽ സമയാസമയം എഞ്ചിൻ തണുക്കാൻ അനുവദിക്കുകയെങ്കിലും വേണം. 

അതുപോലെ തന്നെ വാഹനങ്ങുടെ ടയർ പൊട്ടിയുള്ള അപകടങ്ങൾക്കും ചൂടുകാലത്ത് സാധ്യത വളരെ കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പകൽ വേളയിൽ റോഡുകളിൽ വളരെ ചൂടാണിപ്പോൾ‍. വാഹനങ്ങളുടെ വേഗത വർദ്‍ധിപ്പിക്കുന്പോൾ ടയറിന്റെ ചൂട് സാധാരണത്തേതിനേക്കാൾ പതിന്മടങ്ങ് വർദ്‍ധിച്ച് പൊട്ടിത്തെറിക്കു കാരണമാകുന്നു. 

ഉയർ‍ന്ന ചൂടുമൂലം ടയറുകളിൽ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം ഗുരുതരമായ അപകടത്തിനിടയാക്കും. ടയറുകളുടെ തകരാറുകൾ കണ്ടെത്താൻ‍ വാഹനം ഡ്രൈവ് ചെയ്യുന്നവർ സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ട്. തേയ്മാനം സംഭവിച്ച ടയറുകൾ ‍കഴിവതും യഥാസമയം മാറ്റുകയോ പുതിയ ഗുണനിലവാരമുള്ള ടയറുകൾ ഉപയോഗിക്കുകയോ വേണം. ഇത് സുരക്ഷിതത്വത്തിന് വളരെ അത്യാവശ്യമാണ്. ടയറുകൾ പൊട്ടിത്തെറിക്കലിലൂടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് വൻ‍ അപകടത്തിനു കാരണമാകുന്നുണ്ട്. മൂന്നു വർ‍ഷത്തിലധികം പഴക്കമുള്ള ടയറുകൾ ദീർ‍ഘ ദൂരയാത്രക്കുള്ള വാഹനങ്ങളിൽ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ. യാത്രയ്ക്കു മുന്പ് ടയറുകളുടെ അവസ്ഥ നിർ‍ബന്ധമായും പരിശോധിക്കേണ്ടതാണ്. സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തുന്നത്് സ്വയ രക്ഷയ്ക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനും വളരെ അത്യാവശ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed