ആഘോ­ഷങ്ങൾ‍ക്ക് അരങ്ങൊരുക്കി അണി­യറ നീ­ക്കങ്ങൾ സജീ­വം


മനാമ : വേനൽ‍ അവധിക്കാലം പൂർ‍ണ്ണമായും കഴിഞ്ഞിട്ടില്ലെങ്കിലും പ്രവാസ ലോകത്തിലെ സംഘടനകളിൽ‍ മിക്കതും വരാനിരിക്കുന്ന ഓണം, പെരുന്നാൾ‍ ആഘോഷങ്ങൾ‍ക്ക് അണിയറയിൽ‍ ഒരുക്കമാരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പരിപാടികളുടെ രൂപരേഖകൾ‍ തയ്യാറാക്കാനും, ഏതൊക്കെ കലാകാരന്‍മാരെ കൊണ്ടുവരണമെന്നതിനെ പറ്റിയുള്ള ആലോചനായോഗങ്ങളും പല പ്രമുഖ സംഘടനകളും തുടങ്ങി കഴിഞ്ഞു. ചില സംഘടനകളുടെ നേതാക്കൾ‍ കലാകാരന്‍മാരെ നേരിട്ട് ബുക്ക് ചെയ്യാനായി നാട്ടിലേയ്ക്ക് പോയിട്ടുമുണ്ട്. ഓണവും, പെരുന്നാളും ഒരേ സമയത്ത് വരുന്നത് കാരണം സെപ്തംബർ‍ ആദ്യവാരം ബഹ്റൈനിലെ പ്രവാസ ലോകം ആഘോഷഭരിതമാകുമെന്ന് തന്നെയാണ് സാന്പത്തിക പ്രതിസന്ധിയുടെ കാലത്തും മിക്കവരും പ്രതീക്ഷിക്കുന്നത്. ഈ അവധിദിവസങ്ങളിൽ‍ തന്നെ പരിപാടികൾ‍ നടത്താനുള്ള മുന്നൊരുക്കങ്ങളാണ് അണിയറയിൽ‍ പുരോഗമിക്കുന്നത്. ഓണാഘോഷം പലപ്പോഴും നവംബർ‍ മാസം വരെ നീണ്ടുപോകുന്ന പതിവാണ് ഇവിടെ കണ്ടുവരാറുള്ളത്. തുടക്കത്തിൽ‍ റെജിേസ്റ്റർ‍ഡ് സംഘടനകളുടെ ഓണാഘോഷ പരിപാടികളാണ് ഉണ്ടാകാറുള്ളത്. അതിന്റെ അലയൊലികൾ‍ കെട്ടടങ്ങുന്പോഴേയ്ക്കും ജില്ലാ അസോസിയേഷനുകൾ‍ മുതൽ‍ കുടുംബകൂട്ടായ്മകൾ‍ വരെ ഓണാഘോഷവുമായി ഒത്തുകൂടുന്നതാണ് പതിവ്. സിനിമാ മേഖലയിലെ പ്രതിസന്ധികൾ‍ കാരണം അവിടെ നിന്നുള്ള താരങ്ങൾ‍ക്ക് ഇത്തവണ വലിയ ഡിമാൻ‍ഡില്ലെന്നാണ് അറിയാൻ‍ സാധിക്കുന്നത്. പകരം നാട്ടിൽ‍ നിന്ന് യേശുദാസ് അടക്കമുള്ള പ്രമുഖ ഗായകരാണ് ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ‍ എത്തുന്നത്. ഇതോടൊപ്പം ബഹ്റൈനിൽ‍ നിന്നുള്ള  കലാകാരന്‍മാരും ഓണാഘോഷപരിപാടികളുടെ നിറസാന്നിദ്ധ്യമാകും.  

ആഘോഷങ്ങൾ‍ സജീവമാകുന്പോൾ‍ ഏറ്റവുമധികം സന്തോഷിക്കാൻ‍ പോകുന്നത്  പഴം പച്ചക്കറി വിൽ‍പ്പനക്കാരാണ്. നാട്ടിൽ‍ നിന്നും വരുന്ന വാഴയില മുതൽ‍ പൂക്കളമിടാൻ‍ എത്തിക്കുന്ന പൂക്കൾ‍ വരെ ധാരാളമായി ഈ സീസണിൽ‍ പ്രവാസലോകത്ത് വിറ്റഴിക്കപ്പെടും. പക്ഷെ ഇത്തവണ ഓണം, ഈദ് ആഘോഷങ്ങൾ‍ക്കൊപ്പം തന്നെ സ്കൂൾ‍ തുറക്കുന്നത് കൂടിയാകുന്പോൾ‍  ഈ സാന്പത്തിക ബാധ്യതകൾ‍ താങ്ങുമോ എന്ന ആശങ്കയിലാണ് എല്ലാവരും. ഇവിടെ വന്നാലുണ്ടാകുന്ന ചിലവുകൾ‍ ഓർ‍ത്ത് കുട്ടികൾ‍ക്ക് വേണ്ട ബാഗും, മറ്റ് േസ്റ്റഷനറി സാധനങ്ങളും നാട്ടിൽ‍ നിന്ന് വാങ്ങി കൊണ്ടുവരുന്ന രക്ഷിതാക്കളും ഏറെയാണ്. ഇതോടൊപ്പം ഓണം, ഈദ് വിഭവങ്ങൾ‍ക്ക് വേണ്ട സാധനങ്ങൾ‍ വരെ നാട്ടിൽ‍ നിന്ന് കൊണ്ടുവരാനും നിരവധി പേർ‍ ഒരുങ്ങുന്നുണ്ട് എന്നാണ് സൂചന. 

അതേസമയം ഓരോ ആഘോഷ പരിപാടികളും വിരുന്നെത്തുന്പോൾ‍ പ്രവാസലോകത്ത് കീശ ചോരുന്നത് സ്പോൺസർ‍മാരുടേതാണ്. എന്തെങ്കിലും സഹായിക്കണമെന്ന് പറഞ്ഞു വരുന്നവരോട് തരാൻ ഇല്ല എന്ന് പറയാൻ‍ വലിയ ബുദ്ധിമുട്ടാണെന്ന് ഓണാഘോഷ പരിപാടികളിൽ‍ എല്ലാ വർ‍ഷവും സജീവമായി സ്പോൺ‍സർ‍ഷിപ്പുകൾ‍ നൽ‍കി വരുന്ന ഒരു കന്പനിയുടെ ഉടമ പറഞ്ഞു. നല്ലൊരു തുക ഈ ചിലവിലേയ്ക്കായി പോകുമെന്നും, ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധിയുടെ കാര്യമൊന്നും സ്പോൺ‍സർ‍ഷിപ്പ് ചോദിച്ച് വരുന്ന ആളുകൾ‍ക്ക് വിഷയമാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. തുക ചെറുതായി കുറച്ചാൽ‍ പോലും ആളുകളുടെ മുഖം കറുക്കുമെന്നും, സ്ഥാപനത്തെ തന്നെ ഇല്ലാതാക്കുമെന്ന ഭീഷണിയൊക്കെ കേൾ‍ക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർ‍ത്തു. റെജിസ്ട്രേഡ് ആയിട്ടുള്ള അസോസിയേഷനുകൾ‍ക്ക് സാന്പത്തിക സഹായം നൽ‍കുന്നത് ന്യായീകരിക്കാൻ‍ പറ്റുമെങ്കിലും അങ്ങിനെയല്ലാത്തവരാണ് ഏറ്റവുമധികം സ്പോൺസർ‍മാരെ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കൂട്ടായ്മയിൽ‍ ഇത്ര പേരുണ്ടെന്നും, അവരൊന്നും ഇനി നിങ്ങളുടെ അടുത്ത് വരാതെയാകുമൊന്നെക്കെ പറഞ്ഞാണ് ചിലർ‍ ഭീഷണി മുഴക്കുന്നത്. “പലതും കടലാസ് സംഘടനകളാണെന്ന് അറി‍‍‍‍ഞ്ഞിട്ട് പോലും സ്പോൺ‍സർ‍ഷിപ്പ് കൊടുത്തുപോകുന്നത് ഇത്തരം ഭീഷണികളെ ഭയന്നാണ്. കൂടി വന്നാൽ‍ ഒരു ബാനർ‍ വെയ്ക്കാനുള്ള സ്ഥലമാണ് മിക്കവരും നൽ‍കുക. പിന്നെ അൽ‍പ്പം ചിലർ‍ മൊമെന്റോ ആ പരിപാടികളിൽ‍ നൽ‍കും. അത് ഞങ്ങളുടെ ഷെൽ‍ഫിൽ‍ പൊടി പിടിച്ചും കിടക്കും.” അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed