എസ്.എൻ.സി.എസിന്റെ നവരാത്രി പരിപാടികളിൽ കവാലം ശ്രീകുമാർ എഴുത്തിനിരുത്താനെത്തുന്നു
മനാമ : ബഹ്റൈനിലെ പ്രമുഖ സംഘടനകളിലൊന്നായ ശ്രീ നാരായണ കൾച്ചറൽ സൊസെറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുവാനും കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കുവാനും പ്രശസ്ത സംഗീതജ്ഞനും, കാവാലം നാരായണ പണിക്കരുടെ മകനുമായ കാവാലം ശ്രീകുമാർ എത്തുമെന്ന് സംഘാടകർ അറിയിച്ചു. ഇന്നലെ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിലാണ് നവരാത്രി ആഘോഷങ്ങളെ പറ്റിയുള്ള വിവരങ്ങൾ അറിയിച്ചത്.
സപ്തംബർ 21ന് (വ്യാഴാഴ്ച്ച) വൈകുന്നേരം 7:30 മുതൽ പ്രത്യേക പ്രാർത്ഥനയോടെ ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾ ഒന്പത് ദിവസം വിവിധ പരിപാടികളോടെയാണ് ആചരിക്കുന്നത്. സപ്തംബർ 29ന് (വെള്ളിയാഴ്ച്ച) വെകുന്നേരം 5:30ന് പ്രത്യേക പ്രാർത്ഥനയും തുടർന്ന് 7:30 മുതൽ സാംസ്കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറും. സപ്തംബർ 30നാണ് വിജയദശമിയും വിദ്യാരംഭവും. അന്നേ ദിവസം രാവിലെ 5 മണി മുതൽ കുരുന്നുകളുടെ എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിക്കും. വിദ്യാരംഭവുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രേഷന് 36912429 അല്ലെങ്കിൽ 36674139 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്ത സമ്മേളനത്തിൽ പവിത്രൻ കെ.വി (പ്രസിഡണ്ട്), സുനീഷ് സുശീലൻ (ജനറൽ സെക്രട്ടറി), ഷൈൻ സി (ലൈബ്രറിയൻ), രജേഷ് എൻ (ജനറൽ കൺവീനർ), ഗോകുൽ, പവിത്രൻ പൂക്കാട്ടി, ശ്രീലാൽ ശശി, ഷിനിൽ സത്യപാൽ എന്നിവർ പങ്കെടുത്തു.

