ദാഹജലം നൽകാൻ പോകുന്നവർക്കും ഉച്ചവിശ്രമമില്ല
മനാമ : വീടുകളിലും ഓഫീസുകളിലും ദാഹജലം കൊണ്ടുകൊടുക്കുന്നവരിൽ മിക്കവർക്കും ഉച്ചവിശ്രമമില്ല. വലുതും ചെറുതമുമായ ജല വിതരണ കന്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വിയർത്തൊലിച്ച് ദാഹജലം എത്തിക്കുന്നത്. അതിരാവിലെ മുതൽ കനമേറിയ വാട്ടർ കാനുകളുമായി കയറിയിറങ്ങുന്ന തൊഴിലാളികൾ ഏറെ വൈകിയാണ് താമസസ്ഥലങ്ങളിൽ തിരിച്ച് എത്തുന്നത്.
പലയിടങ്ങളിലും ലിഫ്റ്റ് പോലും ഇല്ലാത്തത് ഇവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ലിഫ്റ്റുകൾ ഇല്ലാത്ത ഫ്ളാറ്റുകളുടെ സമീപം വാഹനം നിർത്തിയിടാനും സ്ഥലം ലഭ്യമായില്ലെങ്കിൽ ഏറെ ദൂരത്ത് നിന്ന് തന്നെ ഈ വാട്ടർകാനുകൾ എടുക്കേണ്ടി വരും. നാലും അഞ്ചും നിലകളിലേയ്ക്ക് ചുമലിൽ വെളളവുമായി കയറുന്ന ഇത്തരം തൊഴിലാളികൾ പലപ്പോഴും പുറത്ത് ജോലി ചെയ്യുന്നവരെ പോലെ തന്നെ തളരുന്നവരാണ്. പക്ഷെ പുറംജോലിക്കാർക്ക് മാത്രമാണ് തൊഴിൽ മന്ത്രാലയത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. പലപ്പോഴും ഭക്ഷണമോ, വെള്ളമോ യഥാസമയത്ത് കഴിക്കാതെയും, കുടിക്കാതെയുമാണ് ഇവരിൽ പലരും ഈ ജോലി നിർവ്വഹിക്കുന്നതെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

