കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു; പുതിയ ഭരണസമിതി നിലവിൽ വന്നു


പ്രദീപ് പുറവങ്കര

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ.) ബഹ്‌റൈന്റെ 2026-ലെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും കെ.എസ്.സി.എ. ആസ്ഥാനത്ത് നടന്നു. സംഘടനയുടെ മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ യോഗത്തിൽ സന്നിഹിതരായിരുന്നു.

യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സംഘടനയുടെ വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അരുൺ സി.ടി. സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പ്രസിഡന്റ് രാജേഷ് നമ്പ്യാർ അംഗങ്ങളുടെ വിവിധ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി. റിട്ടേണിംഗ് ഓഫീസർ അഡ്വ. സുജ ജെ.പി. മേനോന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.

തിരഞ്ഞെടുപ്പിൽ മറ്റ് നാമനിർദേശങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ, നിലവിലെ പ്രസിഡന്റിനെയും ഭരണസമിതിയെയും തുടർന്നും ചുമതല ഏൽപ്പിക്കാൻ പൊതുയോഗം ഏകകണ്ഠമായി തീരുമാനിച്ചു. ഇതിലൂടെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. രാജേഷ് നമ്പ്യാർ പ്രസിഡന്റായും, ഡോ. ബിന്ദു നായർ ജനറൽ സെക്രട്ടറിയായും, സജി എം. നായർ ട്രഷററായും ചുമതലയേൽക്കും. കൂടാതെ അനിൽകുമാർ യു.കെ. (വൈസ് പ്രസിഡന്റ്), അനൂപ് എ. പിള്ള (അസിസ്റ്റന്റ് സെക്രട്ടറി), പ്രമോദ് തേരമ്പത് (അസിസ്റ്റന്റ് ട്രഷറർ), സതീഷ് കെ. (കൾച്ചറൽ സെക്രട്ടറി), സുരേഷ് സുകുമാരൻ (സർവീസസ് സെക്രട്ടറി), വിനോദ് മേനോൻ (മെമ്പർഷിപ്പ് സെക്രട്ടറി), രതി ഹരിദാസ് (ലിറ്റററി വിംഗ് സെക്രട്ടറി), ഉണ്ണികൃഷ്ണൻ (ഗെയിംസ് ആൻഡ് സ്പോർട്സ് സെക്രട്ടറി), അരുൺ സി.ടി. (ഇന്റേണൽ ഓഡിറ്റർ) എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അംഗങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിലവിലെ ആസ്ഥാനത്ത് നിന്ന് പുതിയ സ്ഥലത്തേക്ക് ഓഫീസ് മാറ്റാനും പൊതുയോഗം തീരുമാനിച്ചു. അംഗങ്ങളുടെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തി സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ആഹ്വാനത്തോടെയാണ് വാർഷിക പൊതുയോഗം സമാപിച്ചത്.

article-image

dsfgsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed