മനാമ സൂഖിൽ പരമ്പരാഗത കരകൗശല കലാകാരന്മാർക്ക് സ്ഥിരം വിപണി ; എംപി അഹമ്മദ് അൽ സല്ലൂം നിർദ്ദേശം സമർപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: മനാമ പഴയ സൂഖിൽ പരമ്പരാഗത കരകൗശല കലാകാരന്മാർക്കായി ഒരു സ്ഥിരം വിപണി സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി ബഹ്റൈൻ പാർലിമെന്റ് എംപി അഹമ്മദ് അൽ സല്ലൂം. വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു സ്ഥിരം കേന്ദ്രം സജ്ജമാക്കുന്നതിലൂടെ കലാകാരന്മാർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനും ജീവനമാർഗ്ഗം കണ്ടെത്താനും പരമ്പരാഗത നൈപുണ്യങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മനാമ പഴയ സൂഖും അൽ ഖൈസരിയ സൂഖും പുനരുദ്ധരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഈ പദ്ധതി. താത്കാലിക പ്രദർശനങ്ങളെ മാത്രം ആശ്രയിക്കാതെ, ഉപഭോക്താക്കൾക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങാനുള്ള അവസരം ഇതിലൂടെ ലഭിക്കും. കൂടാതെ, സന്ദർശകർക്ക് കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണം നേരിട്ട് കാണാനും യുവതലമുറയ്ക്ക് ഈ മേഖലയിൽ തത്സമയ പരിശീലനം നേടാനുമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
ചരിത്രപരമായ അന്തരീക്ഷവും പാരമ്പര്യവും ചോർന്നുപോകാതെ, പഴയ മനാമ സൂഖ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഇതിനായി അനുയോജ്യമായ സ്ഥിരം സ്ഥലം കണ്ടെത്തുന്നതിന് സമഗ്രമായ പഠനം നടത്തണമെന്നും എംപി അഹമ്മദ് അൽ സല്ലൂം ആവശ്യപ്പെട്ടു.
dfsadfasdfdfs

