സാഹിത്യവും സിനിമയും: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംവാദവും മുഖാമുഖവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കേരളീയ സമാജം (BKS) സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ‘സാഹിത്യവും സിനിമയും: ഇന്നലെ, ഇന്ന്’ എന്ന വിഷയത്തിൽ പ്രമുഖർ പങ്കെടുത്ത സംവാദവും മുഖാമുഖവും സംഘടിപ്പിച്ചു. പ്രമുഖ സിനിമാ-സാഹിത്യ നിരൂപകൻ ഡോ. വി. രാജകൃഷ്ണൻ, ജനപ്രിയ സാഹിത്യകാരനും അധ്യാപകനുമായ നിസാർ ഇൽത്തുമിഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത പരിപാടി സാഹിത്യപ്രേമികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ചടങ്ങിന് സ്വാഗതം ആശംസിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാഹിത്യ വേദി കൺവീനർ ആദർശ് മാധവൻകുട്ടി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സാഹിത്യ വേദി അംഗം സുനിൽ തോമസ് പരിപാടികൾ ഏകോപിപ്പിച്ചു.
അമ്പതോളം വർഷത്തെ സാംസ്കാരിക പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഡോ. വി. രാജകൃഷ്ണൻ പ്രവാസസാഹിത്യത്തെയും സിനിമയെയും കുറിച്ച് സംസാരിച്ചപ്പോൾ, പുതിയ തലമുറയിലെ യുവ എഴുത്തുകാരുടെ അനുഭവങ്ങൾ സരസമായ ശൈലിയിൽ വിവരിച്ച് നിസാർ ഇൽത്തുമിഷ് ശ്രദ്ധ നേടി. പരിപാടിയുടെ ഭാഗമായി നടന്ന സംവാദത്തിൽ ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് അതിഥികൾ നൽകിയ വിശദമായ മറുപടികൾ സദസ്സിന് നവ്യാനുഭവമായി മാറി.
bcvb

