പിഞ്ചുകുഞ്ഞിനോട് ക്രൂരത; ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
ഷീബ വിജയൻ
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുളമാടിലെ 98-ാം നമ്പർ അങ്കണവാടിയിലെ ജീവനക്കാരിക്കെതിരെയാണ് കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ നടപടി സ്വീകരിച്ചത്. അങ്കണവാടിയിൽ വെച്ച് മൂത്രമൊഴിച്ച കുഞ്ഞിന്റെ കയ്യിൽ അടിക്കുകയും ചെവിയിൽ നുള്ളി മുറിവേൽപ്പിക്കുകയും ചെയ്തുവെന്നാണ് കമ്മീഷന് മുന്നിലെത്തിയ പരാതിയിലുള്ളത്.
സംഭവത്തിന് ശേഷം കുഞ്ഞ് കടുത്ത മാനസികാഘാതത്തിലാണെന്നും, ഈ ജീവനക്കാരിക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങൾ, ആശുപത്രി രേഖകൾ, ഡോക്ടറുടെ റിപ്പോർട്ട് എന്നിവ തെളിവായി പരാതിക്കൊപ്പം നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി, പാരിപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ ചൈൽഡ് ഡെവലപ്‌മെന്റ് ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
dsccxdsadsadsa

