410 കോടി വർഷം പഴക്കം! ചൊവ്വയിലെ അപൂർവ ഉൽക്കശില 'ടെഗാസ 001' സഹാറ മരുഭൂമിയിൽ കണ്ടെത്തി ശാസ്ത്രലോകം
ഷീബ വിജയൻ
ബമാകോ: ചൊവ്വയുടെ പ്രാരംഭ കാലത്തെക്കുറിച്ചുള്ള നിർണായക തെളിവുകളുമായി 410 കോടിയിലധികം വർഷം പഴക്കമുള്ള ചൊവ്വൻ ഉൽക്കശില മാലിയിലെ സഹാറ മരുഭൂമിയിൽ കണ്ടെത്തി. ചൊവ്വയിലെ പഴയകാല ഭൗമഘടനയെക്കുറിച്ചും അവിടെ വെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതിനെക്കുറിച്ചും വെളിച്ചം വീശുന്നതാണ് ഈ അപൂർവ കണ്ടെത്തൽ. 2022-ൽ കണ്ടെത്തിയ 800 ഗ്രാം തൂക്കമുള്ള ഈ പാറക്കഷണത്തിന് ‘ടെഗാസ 001’ എന്നാണ് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. നാസയുടെ സഹകരണത്തോടെ നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് ചൊവ്വയിൽ നിന്ന് പതിച്ചതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഭൂമിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴക്കമേറിയ ചൊവ്വൻ ഉൽക്കശിലകളിൽ ഒന്നാണിത്. അഗ്നിപർവത പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട ധാതുക്കളുടെ സവിശേഷമായ കൂടിച്ചേരലാണ് ടെഗാസ 001-ന്റെ പ്രധാന പ്രത്യേകത. ചൊവ്വയുടെ മാഗ്മ തണുത്തുറഞ്ഞ് പുറംപാളി രൂപപ്പെട്ടതും, പിന്നീട് ഭൂഗർഭജലത്തിന്റെ സാന്നിധ്യത്തിൽ പാറകൾക്ക് മാറ്റം സംഭവിച്ചതും മനസ്സിലാക്കാൻ ഇത് സഹായിക്കും. ഭൂമിയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള നാലൂറിലധികം ചൊവ്വൻ ഉൽക്കകളിൽ അത്യപൂർവ ഗണത്തിൽപ്പെട്ട ഒന്നാണിത്. ന്യൂ മെക്സിക്കോ സർവകലാശാലയിലെ ഗവേഷകരാണ് ഓക്സിജൻ ഐസോടോപ്പുകൾ പരിശോധിച്ച് ഇതിന്റെ ഉത്ഭവം ചൊവ്വയാണെന്ന് കണ്ടെത്തിയത്. നാസയുടെ മാർസ് റിക്കണൈസൻസ് ഓർബിറ്റർ ചൊവ്വയുടെ തെക്കൻ പർവതമേഖലകളിൽ കണ്ടെത്തിയ പാറകളുടെ ഘടനയുമായി ഇതിന് വലിയ സാമ്യമുണ്ട്.
മനവനമനമിം

