സർക്കാർ പദ്ധതികളിൽ 80 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാൻ പാർലമെന്റിൽ നീക്കം; കടുത്ത എതിർപ്പുമായി സർക്കാർ
പ്രദീപ് പുറവങ്കര
മനാമ: സർക്കാർ പദ്ധതികൾ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികൾ തങ്ങളുടെ ജീവനക്കാരിൽ കുറഞ്ഞത് 80 ശതമാനമെങ്കിലും ബഹ്റൈൻ പൗരന്മാരെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ സുപ്രധാന ബിൽ ചർച്ചയ്ക്കെടുക്കുകയും വോട്ടെടുപ്പ് നടക്കുകയും ചെയ്യും. കർശനമായ ക്വാട്ട നടപ്പിലാക്കുന്നത് നിക്ഷേപ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ബിൽ പാസാക്കാനുള്ള നീക്കത്തിലാണ് എം.പിമാർ.
പാർലമെന്റിന്റെ ഫിനാൻഷ്യൽ ആന്റ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ എം.പി അഹമ്മദ് അൽ സല്ലൂമിന്റെ നേതൃത്വത്തിലുള്ള സമിതി, നിർദ്ദേശിക്കപ്പെട്ട ബഹ്റൈനൈസേഷൻ നിരക്ക് 50 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. 2002-ലെ സ്വകാര്യവൽക്കരണ നയങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. പൊതുസേവനങ്ങളും ഉത്പാദന പ്രവർത്തനങ്ങളും സ്വകാര്യ കമ്പനികൾക്ക് കൈമാറുമ്പോൾ സ്വദേശി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അതിന്റെ പ്രയോജനം ലഭിക്കുകയാണ് ലക്ഷ്യം.
എന്നാൽ യോഗ്യരായ സ്വദേശി തൊഴിലാളികളെ ലഭ്യമല്ലാത്ത പക്ഷം മന്ത്രിസഭയ്ക്ക് ഇതിൽ ഇളവുകൾ അനുവദിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. അതേസമയം, കർശനമായ ക്വാട്ട നടപ്പിലാക്കുന്നത് ഓരോ പദ്ധതിയുടെയും സവിശേഷതകളെയും സാങ്കേതിക ആവശ്യകതകളെയും ബാധിക്കുമെന്നും സാമ്പത്തിക സ്വാതന്ത്ര്യത്തിന് തടസ്സമാകുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഓയിൽ-പരിസ്ഥിതി, ഗതാഗതം, വൈദ്യുതി-ജലം, ടൂറിസം എന്നീ മന്ത്രാലയങ്ങളും സർക്കാരിന്റെ ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്.
sfsdf

