ഓൺലൈൻ തട്ടിപ്പ് കേസ്: ചൈനീസ് പൗരനെ നാടുകടത്തി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് ശൃംഖലകൾ ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ ചൈനീസ് അധികൃതർ തിരയുന്ന 40 കാരനായ ചൈനീസ് പൗരനെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് കറപ്ഷൻ, ഇക്കണോമിക് ആൻഡ് സൈബർ സെക്യൂരിറ്റിയുടെ ഇന്റർനാഷണൽ അഫയേഴ്‌സ് ആൻഡ് ഇന്റർപോൾ വിഭാഗമാണ് നടപടി സ്വീകരിച്ചത്.

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനുള്ള അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇയാളെ ബഹ്‌റൈനിൽ വെച്ച് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്.

നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം, ഇയാളെ ചൈനയിലേക്ക് കൊണ്ടുപോകുന്നതിനായി അവിടെനിന്നെത്തിയ പ്രത്യേക സുരക്ഷാ സംഘത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു. സംഘടിതവും അന്തർദേശീയവുമായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്താരാഷ്ട്ര തലത്തിൽ തിരയപ്പെടുന്ന കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി വിദേശ സുരക്ഷാ ഏജൻസികളുമായും ഇന്റർപോളുമായും ഉള്ള സഹകരണം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇന്റർപോൾ വിഭാഗം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed