കടലിൽ പോകുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കണം: ഉപദേശവുമായി ബഹ്‌റൈൻ കോസ്റ്റ് ഗാർഡ്
പ്രദീപ് പുറവങ്കര
മനാമ: കടലിൽ ഇറങ്ങുന്നവരും മത്സ്യത്തൊഴിലാളികളും ഡൈവർമാരും ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും, അടിയന്തര ഘട്ടങ്ങളിൽ ഒറ്റയ്ക്ക് കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും കോസ്റ്റ് ഗാർഡ് ഓപ്പറേഷൻസ് ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്റ് യൂസഫ് അൽ ഫൈഹാനി വ്യക്തമാക്കി.
നുറാന തീരത്ത് കാണാതായ 41 കാരനായ ഈസ മുഹമ്മദിന്റെ മൃതദേഹം കോസ്റ്റ് ഗാർഡും പോലീസ് ഏവിയേഷനും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിനൊടുവിൽ കണ്ടെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 'ഗുഡ് മോർണിംഗ് ബഹ്‌റൈൻ' റേഡിയോ പ്രോഗ്രാമിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലിൽ പോകുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കുക, പ്രഥമശുശ്രൂഷാ കിറ്റ്, ഫയർ എക്സ്റ്റിംഗുഷർ, സിഗ്നൽ ലൈറ്റുകൾ, വി.എച്ച്.എഫ് റേഡിയോ തുടങ്ങിയ അടിസ്ഥാന സുരക്ഷാ ഉപകരണങ്ങൾ ബോട്ടിൽ ഉറപ്പുവരുത്തുക എന്നിവ നിർബന്ധമാണ്. കാലാവസ്ഥ പ്രതീകൂലമാണെങ്കിലോ ശക്തമായ കാറ്റുള്ളപ്പോഴോ കടലിൽ പോകരുത്.
ഏറ്റവും വലിയ വീഴ്ച ബോട്ടുകളിലെ 'ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം' (AIS) ഓൺ ചെയ്യാതിരിക്കുന്നതാണെന്ന് അൽ ഫൈഹാനി ചൂണ്ടിക്കാട്ടി. ബോട്ടുകളുടെ തത്സമയ വിവരങ്ങളും സ്ഥാനവും തിരിച്ചറിയാൻ സഹായിക്കുന്ന ഈ സംവിധാനം അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. ഡൈവിംഗിന് പോകുന്നവർ അംഗീകൃത പരിശീലകരുടെ കൂടെ മാത്രം പോകണമെന്നും ആരോഗ്യസ്ഥിതി ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കടലിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ 994 എന്ന നമ്പറിൽ കോസ്റ്റ് ഗാർഡിനെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
dfgfdg

