തൊഴിൽ നിയമലംഘനം: ഓഗസ്റ്റിൽ 3,152 പരിശോധനകളുമായി എൽ.എം.ആർ.എ; 543 പേരെ നാടുകടത്തി, 77 പേർ കസ്റ്റഡിയിൽ
പ്രദീപ് പുറവങ്കര
മനാമ: 2026 ഓഗസ്റ്റ് മാസത്തിൽ രാജ്യവ്യാപകമായി 3,152 പരിശോധനകളും സന്ദർശനങ്ങളും നടത്തി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA). പരിശോധനകളിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 77 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും നിയമലംഘനം നടത്തിയ 543 പേരെ നാടുകടത്തുകയും ചെയ്തു.
എല്ലാ ഗവർണറേറ്റുകളിലുമായി 2,973 സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന നടത്തിയതിന് പുറമെ 179 സംയുക്ത പരിശോധനകളും പൂർത്തിയാക്കി. ക്യാപിറ്റൽ ഗവർണറേറ്റിൽ 93-ഉം, മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ 27 വീതവും, സതേൺ ഗവർണറേറ്റിൽ 32-ഉം സംയുക്ത പരിശോധനകളാണ് നടന്നത്. ലേബർ മാർക്കറ്റ് നിയമങ്ങളും റസിഡൻസി നിയമങ്ങളും ലംഘിച്ചവർക്കെതിരെയാണ് നിയമനടപടികൾ സ്വീകരിച്ചത്.
ആഭ്യന്തര മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, സിവിൽ ഡിഫൻസ്, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO), നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധന. ബഹ്‌റൈനിലെ തൊഴിൽ വിപണിയുടെ സ്ഥിരതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി.
sesefs

