പൊതു ആവശ്യങ്ങൾക്കുള്ള ഫണ്ട് ശേഖരണത്തിന് കർശന നിയന്ത്രണം; ലംഘനങ്ങൾക്ക് 10,000 ദീനാർ വരെ പിഴ ചുമത്താൻ ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: പൊതു ആവശ്യങ്ങൾക്കായി ഫണ്ട് ശേഖരിക്കുന്നതിനും സ്വീകരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കർശന നിയന്ത്രണങ്ങളുമായി ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം. ഫണ്ട് ശേഖരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് 100 ദീനാർ മുതൽ 10,000 ദീനാർ വരെ ഭരണപരമായ പിഴ ചുമത്തുന്ന പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവിയാണ് പുതിയ നിയമാവലി പുറപ്പെടുവിച്ചത്.

അനുമതിയില്ലാതെ ഫണ്ട് ശേഖരിക്കൽ, നിർദ്ദിഷ്ട ഫോർമാറ്റിൽ കൃത്യസമയത്ത് സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കാതിരിക്കൽ, വിദേശ രാജ്യങ്ങളിലേക്കോ വിദേശത്തുനിന്നോ ഉള്ള പണമിടപാടുകളുടെ വിവരങ്ങൾ മറച്ചുവെക്കൽ എന്നിവ പ്രധാന കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും. അനുമതി വാങ്ങിയ ഉദ്ദേശ്യത്തിനല്ലാതെ ശേഖരിച്ച പണം ദുരുപയോഗം ചെയ്യുന്നതും, അംഗീകൃതമല്ലാത്ത വഴികളിലൂടെ ഫണ്ട് സമാഹരിക്കുന്നതും 10,000 ദീനാർ വരെ പിഴ ലഭിക്കാവുന്ന ഗുരുതര നിയമലംഘനങ്ങളാണ്.

അംഗീകൃത ഫോമുകളിൽ വ്യക്തമാക്കിയതല്ലാത്ത മറ്റ് രീതികളിലൂടെ ഫണ്ട് ശേഖരിക്കുക, ഫണ്ട് ശേഖരിച്ച ലക്ഷ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കുക, വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിനോ അയക്കുന്നതിനോ ഉള്ള റിപ്പോർട്ടുകളും രേഖകളും സമർപ്പിക്കാതിരിക്കുക, ലൈസൻസില്ലാതെ ലഭിച്ച തുകയെക്കുറിച്ച് മന്ത്രാലയത്തെ അറിയിക്കാതിരിക്കുക എന്നിവയ്ക്ക് 100 ബഹ്‌റൈനി ദീനാർ മുതൽ 10,000 ദീനാർ വരെയാണ് പിഴ. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകളും കണക്കുകളും കൃത്യമായി സൂക്ഷിക്കാതിരിക്കുകയോ അധികൃതർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കാതിരിക്കുകയോ ചെയ്താൽ 100 ദീനാർ മുതൽ 3,000 ദീനാർ വരെ പിഴ ഈടാക്കും.

പൊതു നന്മയ്ക്കായി ശേഖരിക്കുന്ന പണം പൂർണ്ണമായും ഉദ്ദേശിച്ച കാര്യങ്ങൾക്ക് തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നീക്കം. ഫണ്ട് ശേഖരണത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിനുമായി പ്രത്യേക ഓഫീസിനും മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ സമഗ്രമായ പരിശോധനകൾക്ക് ശേഷമേ അനുവദിക്കൂ. ഉത്തരവ് ഗസറ്റിൽ വന്നതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ, പ്രവർത്തനരഹിതമായ സിവിൽ സൊസൈറ്റി സംഘടനകൾക്ക് നിയമപരമായ പദവി ക്രമപ്പെടുത്താൻ മന്ത്രാലയം രണ്ടാഴ്ചത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed