മെഴുകുതിരിയിൽ നിന്ന് തീപടർന്ന് യുവതി മരിച്ച കേസ്: ശിക്ഷിക്കപ്പെട്ട ഏഷ്യൻ യുവതിയുടെ അപ്പീൽ ഹർജി സെപ്റ്റംബർ 6-ന് പരിഗണിക്കും
പ്രദീപ് പുറവങ്കര
മനാമ: അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തിൽ മുറിയിലുണ്ടായിരുന്ന യുവതി മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട 21-കാരിയായ ഏഷ്യൻ യുവതിയുടെ അപ്പീൽ ഹർജിയിൽ വാദം കേൾക്കുന്നത് ഒന്നാം ഹൈ ക്രിമിനൽ അപ്പീൽ കോടതി സെപ്റ്റംബർ ആറിലേക്ക് മാറ്റി. 2026 മാർച്ച് 20-നുണ്ടായ അപകടത്തിൽ വീഴ്ച മൂലമുള്ള മരണത്തിനും തീപിടുത്തത്തിനും പ്രതിയായ യുവതിക്ക് കീഴ്‌കോടതി ഒരു വർഷത്തെ തടവുശിക്ഷയും ശിക്ഷാ കാലാവധിക്ക് ശേഷം ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും ഉത്തരവിട്ടിരുന്നു.
മതപരമായ പ്രാർത്ഥനകൾക്കായി താൻ ഒരു ചെറിയ മരമേശപ്പുറത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നതായി പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. ഈ മെഴുകുതിരിയിൽ നിന്നാണ് പിന്നീട് മുറിയിലേക്ക് തീ പടർന്നത്. സുഹൃത്ത് ബാത്ത്‌റൂമിലായിരുന്ന സമയത്തായിരുന്നു അപകടം. കനത്ത പുകയും തീജ്വാലകളും ഉയർന്നതിനെ തുടർന്ന് സഹപ്രവർത്തകർ രക്ഷിപ്പാൻ ശ്രമിച്ചെങ്കിലും ബാത്ത്‌റൂമിൽ കുടുങ്ങിയ പെൺകുട്ടിയുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല.
തുടർന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
aa

