ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചെലവ്: ജി.സി.സിയിൽ ഏറ്റവും കുറവ് ബഹ്‌റൈനിൽ; ഉയർന്ന ശമ്പളം ഫിലിപ്പൈൻസ് സ്വദേശികൾക്ക്


പ്രദീപ് പുറവങ്കര

മനാമ: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിൽ ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ചെലവ് ബഹ്‌റൈനിലെന്ന് റിപ്പോർട്ട്. അതേസമയം, രാജ്യത്തെ ഗാർഹിക മേഖലയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത് ഫിലിപ്പൈൻസ് സ്വദേശികൾക്കാണെന്നും വ്യക്തമാക്കുന്നു. ജി.സി.സി ഡൊമസ്റ്റിക് പ്രസിദ്ധീകരിച്ച 'ജി.സി.സി ഡൊമസ്റ്റിക് വർക്കർ കോസ്റ്റ് ഇൻഡക്സ് – ക്വാർട്ടർ 3 2026' റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് ഏറ്റവും ഉയർന്ന ചെലവ് സൗദി അറേബ്യയിലാണ്. കുവൈത്തിലാണ് ഉയർന്ന സർക്കാർ ഫീസുകളുള്ളത്. ബഹ്‌റൈനിൽ ആദ്യ വർഷത്തെ റിക്രൂട്ട്‌മെന്റ് ചെലവ് 600 മുതൽ 900 ദീനാർ വരെ മാത്രമാണ്. എന്നാൽ സൗദിയിൽ ഇത് 8,000 മുതൽ 21,000 റിയാൽ വരെയാണ്. യു.എ.ഇയിൽ 'തദ്ബീർ' പാക്കേജുകൾ വഴി 2,500 മുതൽ 7,000 ദിർഹം വരെ ചെലവ് വരുന്നുണ്ട്.

ബഹ്‌റൈനിൽ ഒരു ഗാർഹിക തൊഴിലാളിയെ നിയമിക്കുന്നതിന് സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ശരാശരി ഒരു വർഷത്തേക്ക് 86 ദീനാറും രണ്ട് വർഷത്തേക്ക് 118 ദീനാറുമാണ് സർക്കാർ ഫീസ് ഇനത്തിൽ ചെലവാകുന്നത്. 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഇളവുകളുണ്ട്.

വിദേശികൾക്ക് ഒരു വർഷത്തേക്ക് ശരാശരി 586 ദീനാറും (86 ദീനാർ ഫീസ് + 500 ദീനാർ ഗ്യാരന്റി തുക) രണ്ട് വർഷത്തേക്ക് 618 ദീനാറുമാണ് (118 ദീനാർ ഫീസ് + 500 ദീനാർ ഗ്യാരന്റി തുക) ചെലവ്. വർക്ക് പെർമിറ്റ്, എൽ.എം.ആർ.എ എൻ.ഒ.സി, റെസിഡൻസി പെർമിറ്റ്, മെഡിക്കൽ പരിശോധന, സി.പി.ആർ കാർഡ് എന്നിവയുടെ ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ വിസിറ്റ് വിസയിലുള്ള ഒരു തൊഴിലാളിയെ വർക്ക് പെർമിറ്റിലേക്ക് മാറ്റുകയാണെങ്കിൽ 250 ദീനാർ അധിക ഫീസ് നൽകണം.

റിക്രൂട്ട്‌മെന്റ് ഓഫീസ് ഫീസ് (300 - 800 ദീനാർ), വിമാന ടിക്കറ്റ് (50 - 200 ദീനാർ), മെഡിക്കൽ പരിശോധന (20 - 60 ദീനാർ), ഇൻഷുറൻസ് എന്നിവയടക്കം ഒരു ഗാർഹിക തൊഴിലാളിയെ ബഹ്‌റൈനിൽ എത്തിക്കാൻ ആകെ 600 മുതൽ 1,300 ദീനാർ വരെ ചെലവാകും.

ഗാർഹിക മേഖലയിൽ ഫിലിപ്പൈൻസിൽ നിന്നുള്ള തയ്യമാർക്ക് (നാനി) ശരാശരി 195 ദീനാറും വീട്ടുജോലിക്കാർക്ക് 155 ദീനാറും ശമ്പളം ലഭിക്കുന്നുണ്ട്. ഇന്തോനേഷ്യക്കാർക്ക് 125 ദീനാറും ഇന്ത്യക്കാർക്ക് 115 ദീനാറും എത്യോപ്യക്കാർക്ക് 105 ദീനാറുമാണ് ശരാശരി ശമ്പളം. അതേസമയം, ഡ്രൈവർമാരിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത് ഇന്ത്യക്കാർക്കും പാകിസ്താനികൾക്കുമാണ് (ശരാശരി 210 ദീനാർ).

എൽ.എം.ആർ.എയുടെ വിവരങ്ങൾ പ്രകാരം ബഹ്‌റൈനിൽ 78,900 ഗാർഹിക തൊഴിലാളികളാണുള്ളത്. ഇതിൽ 21,617 പേരുമായി ഫിലിപ്പൈൻസ് സ്വദേശികളാണ് പട്ടികയിൽ മുന്നിൽ.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed