കുതിരകളെ ക്രൂരമായി മർദിച്ച ബഹ്റൈനിലെ വളർത്തുമൃഗ കേന്ദ്രത്തിലെ ജീവനക്കാരൻ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: കർസക്കാനിലെ കുതിരലായത്തിൽ രണ്ടു കുതിരകളെ ക്രൂരമായി മർദിക്കുകയും കത്തികൊണ്ടു കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ജീവനക്കാരനെ പബ്ലിക് പ്രൊസിക്യൂഷൻ റിമാൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റകൃത്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
തെക്കൻ ഹമദ് ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നാണ് നോർത്തേൺ ഗവർണറേറ്റ് ചീഫ് പ്രൊസിക്യൂട്ടർക്ക് കേസ് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചത്. ഓഗസ്റ്റ് ആദ്യം മുതൽ ലായത്തിലെ മൂന്ന് കുതിരകൾ ചത്തതായി ഉടമ അയ്മൻ മഹ്ദി പറഞ്ഞു. തുടർന്ന് ഒന്നര വയസ്സുള്ള സാഫി എന്ന സ്പാനിഷ് കുതിരയ്ക്ക് ശരീരത്തിൽ ആഴത്തിൽ കുത്തേറ്റ മുറിവ് കണ്ടെത്തിയതോടെയാണ് പരിശോധന ശക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങളിൽ 41 വയസ്സുള്ള നൈജീരിയൻ സ്വദേശിയായ ജീവനക്കാരൻ ഒരു കുതിരയെ കത്തികൊണ്ടു കുത്തുന്നതും മറ്റൊരു കുതിരയ്ക്ക് നേരെ കല്ലെറിയുന്നതും വ്യക്തമായി കാണാം. ചോദ്യം ചെയ്യലിൽ, ഉറങ്ങുമ്പോൾ കുതിരകൾ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തിയതിനാണ് മർദിച്ചതെന്ന് പ്രതി സമ്മതിച്ചു.
നിലവിൽ പരിക്കേറ്റ കുതിരയ്ക്ക് വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ ആൻറിബയോട്ടിക്കുകളും പരിചരണവും നൽകിവരികയാണ്. പ്രതിയെ വിചാരണയ്ക്കായി ക്രിമിനൽ കോടതിയിലേക്ക് മാറ്റും.
ബഹ്‌റൈൻ ശിക്ഷാനിയമത്തിലെ 411, 415, 416 വകുപ്പുകൾ പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അഭിഭാഷക മനാൽ ധാഹി വ്യക്തമാക്കി. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കൂടുതൽ കഠിനമായ ശിക്ഷയും ചികിത്സാച്ചെലവ് ഈടാക്കുന്ന രീതിയിലുള്ള പിഴയും ഈടാക്കണമെന്ന് ബഹ്‌റൈൻ സൊസൈറ്റി ഫോർ ആനിമൽ വെൽഫെയർ ഭാരവാഹികളായ മഹ്മൂദ് ഫറജ്, അബ്ദുള്ള ഹസൻ എന്നിവർ ആവശ്യപ്പെട്ടു.
sedfsdf

