ബഹ്റൈൻ മന്ത്രിസഭായോഗം ചേർന്നു; ജി.സി.സി-പാകിസ്താൻ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ പ്രതിവാര കാബിനറ്റ് യോഗം ചേർന്നു. വ്യാപാരം, വിദ്യാഭ്യാസം, അന്താരാഷ്ട്ര കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾക്ക് യോഗം അംഗീകാരം നൽകി.
സാമ്പത്തിക മേഖലയിൽ നിർണായക ചുവടുവെപ്പായി ജി.സി.സി രാജ്യങ്ങളും പാകിസ്താനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് (FTA) കാബിനറ്റ് അംഗീകാരം നൽകി. ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി, വിവിധ മന്ത്രാലയ സമിതികൾ എന്നിവ സമർപ്പിച്ച റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് തീരുമാനം. ഇരു വിഭാഗവും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ഈ കരാർ സഹായിക്കും.
വരാനിരിക്കുന്ന അധ്യയന വർഷത്തെ ഒരുക്കങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണ നൽകുന്നതിനായി എല്ലാ പബ്ലിക് സ്കൂളുകളിലും 'ഇൻഡക്ഷൻ ദിനം' സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക മികവ് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കൗൺസിൽ ഫോർ വുമണിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും 'യൂത്ത് സിറ്റി 2030' പദ്ധതിയുടെ വിജയവും യോഗം വിലയിരുത്തി. ഇറാനിയൻ ആക്രമണങ്ങൾക്കെതിരെ യു.എൻ രക്ഷാസമിതി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലെ തീരുമാനങ്ങൾ ഉൾപ്പെടെ ബഹ്‌റൈന്റെ അന്താരാഷ്ട്ര വിഷയങ്ങളിലെ ഇടപെടലുകൾ കാബിനറ്റ് അവലോകനം ചെയ്തു. കൂടാതെ പ്രവാചക മൗലിദ് ദിനത്തോടനുബന്ധിച്ച് കാബിനറ്റ് ഹമദ് രാജാവിന് ആശംസകൾ നേർന്നു.
asafdf

