ജോബ് ഇന്റർവ്യൂ മാറ്റി വെക്കാൻ ഇനി ഓൺലൈനായി അപേക്ഷിക്കാം: സേവനം കൂടുതൽ എളുപ്പമാക്കി ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: നാഷണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്‌ഫോം (NEP) വഴി ഷെഡ്യൂൾ ചെയ്ത തൊഴിൽ അഭിമുഖങ്ങൾ മാറ്റിവെക്കുന്നതിനുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കി ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം. സർക്കാറിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെയും സേവന നിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
നേരത്തെ ഇന്റർവ്യൂ തീയതി മാറ്റുന്നതിനായി ടെലിഫോൺ വഴിയോ, ഇമെയിൽ മുഖേനയോ അല്ലെങ്കിൽ 'തവാസുൽ' ആപ്പ് വഴിയോ മന്ത്രാലയവുമായി ബന്ധപ്പെട്ട് കാരണം ബോധിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ പുതിയ പരിഷ്കരണത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് നാഷണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്‌ഫോം വഴി നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂവിന് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും യഥാർത്ഥ കാരണം വ്യക്തമാക്കി അപേക്ഷ സമർപ്പിക്കണം. അനുമതി ലഭിക്കുന്നതോടെ അപേക്ഷകർക്ക് സൗകര്യപ്രദമായ രീതിയിൽ തീയതി മാറ്റ ലഭിക്കും.
ഗുണഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ നൽകുന്നതിന് നൂതന ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്ന് തൊഴിൽ മന്ത്രാലയ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. തൊഴിൽ മേഖലയിലെ നടപടിക്രമങ്ങൾ സുതാര്യമാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ സർക്കാർ മേഖലകളിലെ 1,300-ലധികം സേവനങ്ങൾ രേഖപ്പെടുത്തുകയും, ഇതിൽ എണ്ണൂറോളം സേവനങ്ങൾ കൂടുതൽ എളുപ്പമുള്ള രീതിയിൽ പുനഃക്രമീകരിക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.
sdsd

