ഇന്ത്യ-ബഹ്‌റൈൻ ബന്ധം കൂടുതൽ ശക്തമാകുന്നു: പാർലമെന്ററി സഹകരണം പുതുതലത്തിലേക്കെന്ന് ബഹ്റൈൻ പാർലിമെന്റ് സ്പീക്കർ
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കി ബഹ്‌റൈൻ പാർലമെന്ററി നേതൃത്വം. ഇന്ത്യയുമായുള്ള ബഹ്‌റൈന്റെ ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെട്ടു വരികയാണെന്നും പാർലമെന്ററി തലത്തിലുള്ള സഹകരണം ഇതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും ബഹ്‌റൈൻ പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലോകസഭാ സ്പീക്കർ ഓം ബിർളയ്ക്കും രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും സ്പീക്കർ അൽ മുസല്ലം ആശംസകൾ നേർന്നു. ഇന്ത്യക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പിന്തുണയോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ, അന്താരാഷ്ട്ര പാർലമെന്ററി വേദികളിൽ പരസ്പര സഹകരണം വിപുലീകരിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബിനും സ്പീക്കർ അൽ മുസല്ലം പ്രത്യേക ആശംസാ സന്ദേശം അയച്ചിട്ടുണ്ട്.
പ്രത്യേകം നൽകിയ സന്ദേശത്തിൽ ബഹ്‌റൈൻ ശൂറാ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹും ഇന്ത്യൻ പാർലമെന്ററി നേതാക്കൾക്ക് സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും വിവിധ മേഖലകളിലെ സഹകരണവും അദ്ദേഹം സ്മരിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളുമായും ചേർന്നു പ്രവർത്തിക്കാനും പാർലമെന്ററി ബന്ധം കൂടുതൽ ദൃഢമാക്കാനുമുള്ള താൽപ്പര്യം അദ്ദേഹം പ്രകടിപ്പിച്ചു.
dsgdfg

