ലഹരിവസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ: അറസ്റ്റ് രേഖപ്പെടുത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ലഹരിമരുന്നുകളും മനോവിഭ്രാന്തിയുണ്ടാക്കുന്ന മരുന്നുകളും (Psychotropic substances) കൈവശം വെച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി നടത്തുന്ന തുടർച്ചയായ പരിശോധനകളുടെ ഭാഗമായാണ് നടപടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ കീഴിലുള്ള ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
കൃത്യമായ വിവര ശേഖരണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളിൽ നിന്ന് വലിയ അളവിൽ ലഹരിമരുന്നുകളും മനോവിഭ്രാന്തിയുണ്ടാക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ ആവശ്യമായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം സ്ഥിരീകരിച്ചു.
sdfsdf

