ബഹ്റൈൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ്: നടപ്പു വർഷത്തെ വിൽപ്പന 795 ദശലക്ഷം ദീനാർ കടന്നു


പ്രദീപ് പുറവങ്കര

മനാമ: ജൂലൈ മാസത്തിലെ മികച്ച നേട്ടത്തോടെ ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ആകെ വിൽപ്പന നടപ്പുവർഷം 795 ദശലക്ഷം ബഹ്റൈനി ദീനാർ കടന്നു. ജൂലൈ മാസത്തിൽ മാത്രം 134 ദശലക്ഷത്തിലധികം ദീനാറിന്റെ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.

സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ കണക്കുകൾ പ്രകാരം ജൂലൈയിൽ 988 റിയൽ എസ്റ്റേറ്റ് വിൽപ്പനകളാണ് പൂർത്തിയായത്. മെയ് മാസത്തിലെ 770-ൽ നിന്നും ജൂണിലെ 857-ൽ നിന്നും ഉയർന്ന കണക്കാണിത്. കടുത്ത വേനൽച്ചൂടിനിടയിലും റിയൽ എസ്റ്റേറ്റ് വിപണി ശക്തമായ മുന്നേറ്റം തുടരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ വർഷം ജനുവരി മുതൽ ഇതുവരെ 5,900-ലധികം റിയൽ എസ്റ്റേറ്റ് വിൽപ്പനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 11,000-ത്തിലധികം ജനറൽ രജിസ്ട്രേഷനുകൾ ഉൾപ്പെടെ 17,000-ത്തിലധികം ഇടപാടുകളാണ് ബ്യൂറോ പ്രോസസ്സ് ചെയ്തത്. ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് (1,129 എണ്ണം). ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 900-ലധികം ഇടപാടുകൾ വീതവും രേഖപ്പെടുത്തി.

കഴിഞ്ഞ വർഷത്തെ മികച്ച നേട്ടത്തിന് പിന്നാലെയാണ് വിപണി ഈ വർഷവും മുന്നേറ്റം തുടരുന്നത്. 2025-ൽ റിയൽ എസ്റ്റേറ്റ് വിൽപ്പന 51.6 ശതമാനം വർധിച്ച് 1.6 ബില്യൺ ദീനാറിലെത്തുകയും ആകെ ഇടപാടുകൾ 19.8 ശതമാനം ഉയർന്ന് 29,777-ൽ എത്തുകയും ചെയ്തിരുന്നു. ബ്യൂറോയുടെ ഏറ്റവും പുതിയ ദൈനംദിന കണക്കുകൾ പ്രകാരം 3.2 ദശലക്ഷം ദീനാറിന്റെ അധിക വിൽപ്പന കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed