മലയോര മേഖലയിൽ കനത്ത മഴയും ഉരുൾപൊട്ടലും: നാല് മരണം, ഒൻപത് ജില്ലകളിൽ അവധി


ശാരിക

തൊടുപുഴ: സംസ്ഥാനത്ത് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും മഴക്കെടുതികളിലും നാലുപേർ മരിച്ചു.

ഇടുക്കി കുടയത്തൂർ അടൂർ മലയിൽ ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ രവി നാരായണന്റെ ഭാര്യ സുമതിയാണ് മരിച്ചത്. വീട് പൂർണ്ണമായി തകർന്ന അപകടത്തിൽപെട്ട മകൻ രതീഷിനെ നാട്ടുകാർ പരിക്കുകളോടെ രക്ഷപ്പെടുത്തി. അടൂർമലയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശിയായ പ്രഭാകരൻ നായർ (72) മരിച്ചു. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് റെജീന ജോണി, മകൻ ജോസഫിൻ ജോണി (24) എന്നിവരും മരിച്ചു.

പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ട റാന്നി ടൗൺ, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലാണ്. വണ്ടിപ്പെരിയാറിലും കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയ പാതയിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം ഗതാഗതം സ്തംഭിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവരുമായി ബന്ധപ്പെട്ടതായും ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. എൻ.ഡി.ആർ.എഫും പോലീസും സജ്ജമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ജില്ലയിൽ കൺട്രോൾ റൂം (04862233111, 9383463036) തുറന്നിട്ടുണ്ട്.

തിരുവനന്തപുരം പൊൻമുടിയിൽ കല്ലാർ-പൊൻമുടി റോഡിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ചാലിയം കപ്പലങ്ങാടി ബീച്ചിൽ കടലിൽ കുടുങ്ങിയ 16 മത്സ്യത്തൊഴിലാളികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കോട്ടയം ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ (ജില്ലാ കൺട്രോൾ റൂം: 9446562236) സജ്ജമാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ കളക്ടർ ചേതൻകുമാർ മീണ നിർദേശിച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിച്ചു വരുന്നു.

article-image

dfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed