ആർ.എച്ച്.എഫ് 25ആം വാർഷികം: 'ലവ് ആൻഡ് ലോയൽറ്റി' ദേശീയ കാമ്പയിന് തുടക്കമായി
പ്രദീപ് പുറവങ്കര
മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ലവ് ആൻഡ് ലോയൽറ്റി' എന്ന പേരിൽ പുതിയ ദേശീയ സാമൂഹിക മുൻകൈക്ക് തുടക്കമായി. ബഹ്‌റൈനോടും രാജ്യത്തിന്റെ ഭരണനേതൃത്വത്തോടുമുള്ള സ്നേഹവും പ്രതിബദ്ധതയും പ്രകടിപ്പിക്കാൻ കുട്ടികൾക്കും കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.
ആർ.എച്ച്.എഫിന്റെ 25 വർഷത്തെ പ്രയാണത്തിൽ പങ്കാളികളായ ഏവരെയും ഫൗണ്ടേഷൻ കുടുംബത്തിന്റെ ഭാഗമായി പരിഗണിച്ചുകൊണ്ട്, ദേശീയ ബോധവും സാമൂഹിക പങ്കാളിത്തവും ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി 9 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി രാജ്യസ്നേഹം പ്രമേയമാക്കിയുള്ള ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ഇതിലെ ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ നൽകും. കൂടാതെ, രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് സ്നേഹവും കൂറും അറിയിച്ചുകൊണ്ട് സന്ദേശങ്ങൾ എഴുതാനും കുട്ടികൾക്ക് അവസരമുണ്ടാകും.
രക്ഷാകർത്താക്കൾ, സന്ദർശകർ, ഫൗണ്ടേഷൻ ജീവനക്കാർ എന്നിവർക്കായി 'പ്ലെഡ്ജ് ഓഫ് ലോയൽറ്റി' (കൂറുപ്രഖ്യാപന രേഖ) ഒപ്പുവെക്കാനും സ്മരണികാ പുസ്തകത്തിൽ നന്ദിസന്ദേശങ്ങൾ കുറിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ആർ.എച്ച്.എഫിന്റെ 25 വർഷത്തെ മാനവിക സേവനങ്ങളുടെ ആഘോഷ ഭാഗമായി ഈ പുസ്തകം പിന്നീട് ഹിസ് മജസ്റ്റി രാജാവിന് സമർപ്പിക്കും.
ഫൗണ്ടേഷന്റെ വെള്ളিজൂബിലി ആഘോഷങ്ങളെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ജനകീയോത്സവമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ആക്ടിംഗ് സെക്രട്ടറി ജനറൽ എഞ്ചിനീയർ ഇബ്രാഹിം ദൽഹാൻ അൽ ദോസരി പറഞ്ഞു.
dfgdfg

