ഭാഷാ സമര അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ച് കെ.എം.സി.സി ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാ സമര അനുസ്മരണ സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. അനുസ്മരണ സമ്മേളനം ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 7.30-ന് മനാമയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും.
1980-ൽ വിദ്യാഭ്യാസ മേഖലയിൽ അറബി, ഉർദു, സംസ്കൃതം ഭാഷകൾക്കെതിരെ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ, മലപ്പുറം കളക്ടറേറ്റിന് മുന്നിൽ പോലീസ് വെടിവെപ്പിൽ മരിച്ച മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ രക്തസാക്ഷികളുടെ ത്യാഗസ്മരണ പുതുക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ശരീഫ് കുറ്റൂർ മുഖ്യാതിഥിയായി പങ്കൊടുക്കും. സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ പ്രചാരണാർഥം ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 മണി വരെ മനാമ ശിഫ അൽ ജസീറ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ക്യാമ്പിൽ ഏഴ് പരിശോധനകൾ സൗജന്യമായിരിക്കും. കൂടാതെ അന്നേദിവസം മറ്റ് ലാബ് പരിശോധനകൾക്ക് 50 ശതമാനം ഇളവും ലഭിക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33495982, 33165242 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വാർത്താ സമ്മേളനത്തിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷ്‌റഫ് കാട്ടിൽപീടിക, ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ഭാരവാഹികളായ വി.കെ. റിയാസ്, ഉമ്മർ കൂട്ടിലങ്ങാടി, മുജീബ് ആഡ്‌വെൽ, ശിഹാബ് പൊന്നാനി, ഷിഫ അൽ ജസീറ പ്രതിനിധികളായ സുൽഫിക്കർ കബീർ, അനസ്, നസീർ, മീഡിയ കൺവീനർ ഷിഹാബ് ചാപ്പനങ്ങാടി എന്നിവർ പങ്കെടുത്തു.
ghfgh

