തെരുവ് നായ ശല്യം: കർശന നടപടികളുമായി ബഹ്‌റൈൻ നോർത്തേൺ മുൻസിപ്പാലിറ്റി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ 300 ദിനാർ വരെ പിഴ
പ്രദീപ് പുറവങ്കര
മനാമ: ജനവാസ മേഖലകളിലും പൈതൃക കേന്ദ്രങ്ങളിലും വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി ബഹ്‌റൈൻ നോർത്തേൺ മുൻസിപ്പാലിറ്റി നടപടികൾ ശക്തമാക്കുന്നു. നായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ പരസ്യമായി ഭക്ഷണം നൽകുന്നവർക്ക് പിഴ ചുമത്തൽ, ബോധവത്കരണ കാമ്പെയ്നുകൾ, തെരുവ് നായ്ക്കളെ ദത്തെടുക്കൽ (Adoption) പദ്ധതി എന്നിവ ഉൾപ്പെടുന്ന പുതിയ പരിപാടികൾ വരും സെപ്റ്റംബറോടെ ആരംഭിക്കും.
നോർത്തേൺ മുൻസിപ്പാലിറ്റി കെട്ടിടത്തിൽ നടന്ന പ്രത്യേക ഏകോപന യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. മുൻസിപ്പൽ കൗൺസിൽ അംഗം അബ്ദുള്ള മുബാറക് അൽ ഖുബൈസി, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ്, അഗ്രികൾച്ചർ അഫയേഴ്സ് ഏജൻസി, ബഹ്‌റൈൻ ക്യാറ്റ്സ് ആൻഡ് പെറ്റ്സ് സൊസൈറ്റി പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പൊതുസ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് അലക്ഷ്യമായി ഭക്ഷണം നൽകുന്നതാണ് അവ ഒരേ പ്രദേശങ്ങളിലേക്ക് വീണ്ടും വീണ്ടും കൂട്ടത്തോടെ തിരിച്ചെത്താൻ പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നിലവിലുള്ള പൊതുശുചിത്വ നിയമപ്രകാരം, പൊതുസ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുകയോ ഭക്ഷണാവശിഷ്ടങ്ങൾ തള്ളുകയോ ചെയ്യുന്നവർക്ക് 300 ബഹ്‌റൈൻ ദിനാർ (BD 300) വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. എന്നാൽ നിയമം നടപ്പിലാക്കുന്നതിന് മുൻപ് ജനങ്ങൾക്കിടയിൽ ബോധവത്കരണം ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മൃഗസംരക്ഷണ സംഘടനകളുമായി സഹകരിച്ച് ഇതിനായി പ്രത്യേക ഡ്രൈ ഫുഡ് വിതരണ കേന്ദ്രങ്ങൾ ലൈസൻസോടെ അനുവദിക്കാനും യോഗത്തിൽ നിർദ്ദേശമുയർന്നു.
തെരുവ് നായ നിയന്ത്രണ നയത്തിൽ വലിയൊരു മാറ്റത്തിനാണ് മുൻസിപ്പാലിറ്റി ഒരുങ്ങുന്നത്. മുൻപ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച ശേഷം വ്യാവസായിക മേഖലകളിലേക്കോ ഷെൽട്ടറുകളിലേക്കോ മാറ്റുന്നതായിരുന്നു രീതി. എന്നാൽ സെപ്റ്റംബറിൽ ഒപ്പുവെക്കുന്ന പുതിയ കരാർ പ്രകാരം ബഹ്‌റൈനകത്തും അന്താരാഷ്ട്ര തലത്തിലും ഈ നായ്ക്കളെ ദത്തെടുക്കാനുള്ള (Adoption) സൗകര്യം ഒരുക്കും. സാർ (Saar), ഹമദ് ടൗൺ (Hamad Town) തുടങ്ങിയ പ്രദേശങ്ങളിലെ ചരിത്ര-പുരാവസ്തു കേന്ദ്രങ്ങളിൽ വേലികൾ തകർന്നത് വഴി തെരുവ് നായ്ക്കൾ വ്യാപകമായി അതിക്രമിച്ചു കയറുന്നതായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, വളർത്തുമൃഗങ്ങളുടെ ഇറക്കുമതിയിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ ബഹ്‌റൈൻ നിലവിൽ പേവിഷബാധയിൽ (Rabies) നിന്ന് പൂർണ്ണമുക്തമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രദേശവാസികളുടെ സുരക്ഷയും ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകാനാണ് യോഗത്തിലെ തീരുമാനം.
vxvxcv

