റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ലൈസൻസിങ് നടപടികൾ എളുപ്പമാക്കി ബഹ്‌റൈൻ എൽ.എം.ആർ.എ; ഡിജിറ്റൽ സംവിധാനം നവീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: പൊതുജന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കായുള്ള ഡിജിറ്റൽ ലൈസൻസിങ് സേവനം കൂടുതൽ അത്യാധുനിക രീതിയിൽ നവീകരിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA).
രണ്ട് ഘട്ടങ്ങളായുള്ള ലൈസൻസിങ് പ്രക്രിയയാണ് പുതുക്കിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തിമ ലൈസൻസ് അനുവദിക്കുന്നതിന് മുൻപായി പ്രാഥമിക അനുമതി (Initial Approval) നൽകുന്നതാണ് ആദ്യ ഘട്ടം. ഈ ലൈസൻസ് ലഭിക്കുന്ന ഏജൻസികൾക്ക് ഉദ്യോഗാർത്ഥികളെയും തൊഴിലുടമകളെയും പരസ്പരം ബന്ധിപ്പിക്കൽ, തൊഴിൽ കരാറുകൾ എളുപ്പമാക്കൽ, ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, കമ്പനികളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വിദേശ തൊഴിലാളികളെ ലഭ്യമാക്കൽ തുടങ്ങിയ തൊഴിൽ മധ്യസ്ഥ സേവനങ്ങൾ നൽകാൻ അനുമതിയുണ്ടാകും.
പുതിയ ഡിജിറ്റൽ സംവിധാനം വഴി അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കാനുള്ള സമയം ഗണ്യമായി കുറയുമെന്ന് എൽ.എം.ആർ.എ അറിയിച്ചു. ലൈസൻസിനായി സമർപ്പിക്കേണ്ട അനുബന്ധ രേഖകളുടെ എണ്ണം കുറച്ചതിന് പുറമെ എല്ലാ സർക്കാർ ചാനലുകളിലൂടെയുമുള്ള സേവന വിവരങ്ങൾ ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്. ലൈസൻസ് നേടുന്നതിനായി വിവിധ വകുപ്പുകളിൽ നിന്ന് വാങ്ങേണ്ടി വന്നിരുന്ന അനുമതികളുടെ (Approvals) എണ്ണത്തിൽ 25 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇത് അപേക്ഷകർക്ക് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കും.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി നൂതന ഡിജിറ്റൽ പരിഹാരങ്ങൾ സ്വീകരിക്കുന്നതിലുള്ള അതോറിറ്റിയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ നവീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് എൽ.എം.ആർ.എ സർവീസസ് ആൻഡ് ബിസിനസ് അഫയേഴ്സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ഇബ്രാഹിം അൽ അറബി പറഞ്ഞു. സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന അജണ്ടയെ പിന്തുണയ്ക്കുന്നതിനൊപ്പം ബഹ്‌റൈനിലെ തൊഴിൽ വിപണിയുടെ മത്സരശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് സ്ഥാപനങ്ങളുടെ സമയനഷ്ടവും ഭരണപരമായ അനാവശ്യ ഭാരങ്ങളും കുറയ്ക്കാനും ഈ പുതിയ ലൈസൻസിങ് രീതിക്ക് സാധിക്കും.
dsfgdfg

