ബി.ക്യു.എ അവലോകനം: ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിന് 'ഗുഡ്' റേറ്റിംഗ്; സിൽവർ മെമെന്റോ കൈമാറി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റി (BQA) നടത്തിയ ഏറ്റവും പുതിയ വിദ്യാഭ്യാസ ഗുണനിലവാര അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് 'ഗുഡ്' (Good) റേറ്റിംഗ് ലഭിച്ചു. ഇക്കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ 4 വരെയായിരുന്നു അതോറിറ്റിയുടെ പരിശോധന. ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തുല്യവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ സ്കൂൾ പുലർത്തുന്ന പ്രതിബദ്ധതയെ അവലോകന റിപ്പോർട്ട് പ്രത്യേകം അംഗീകരിച്ചു.
നേട്ടത്തിന്റെ ഭാഗമായി ലഭിച്ച ബി.ക്യു.എ സിൽവർ മെമെന്റോയും സർട്ടിഫിക്കറ്റും സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിന് ഔപചാരികമായി കൈമാറി. ചടങ്ങിൽ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല എന്നിവർ പങ്കെടുത്തു. ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ഇംഗ്ലീഷ് വിഭാഗം മേധാവി ജി.ടി. മണി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികൾക്ക് അവരുടെ പൂർണ്ണ ശേഷി കൈവരിക്കാൻ തക്കവണ്ണമുള്ള മികച്ച പഠന അന്തരീക്ഷം സൃഷ്ടിക്കാൻ ഇന്ത്യൻ സ്കൂളിന് സാധിച്ചിട്ടുണ്ടെന്ന് അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്കൂൾ ഭരണസമിതി, ജീവനക്കാർ, മാതാപിതാക്കൾ എന്നിവരുടെ കൂട്ടായ ശ്രമങ്ങളാണ് തുടർച്ചയായ ഈ പുരോഗതിക്ക് വഴിതെളിച്ചത്. വിദ്യാഭ്യാസത്തോടുള്ള സ്കൂളിന്റെ സമഗ്രമായ സമീപനത്തെ പ്രശംസിച്ച അധികൃതർ, കുട്ടികൾ അക്കാദമിക്-കായിക-കലാ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ എടുത്തുപറഞ്ഞു. പതിവ് ക്ലാസ് റൂം പഠനത്തിന് പുറമെ സ്കൂൾ നൽകുന്ന അധിക അക്കാദമിക പിന്തുണ കുട്ടികളുടെ പ്രകടനത്തെ നല്ല രീതിയിൽ സ്വാധീനിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ വലിയ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഭരണസമിതി, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ചടങ്ങിൽ സംസാരിച്ച ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് നന്ദി രേഖപ്പെടുത്തി. അവലോകന റിപ്പോർട്ടിലെ നിർദ്ദേശങ്ങളും ശുപാർശകളും അടിസ്ഥാനമാക്കി സ്കൂളിന്റെ ഗുണനിലവാരം ഇനിയും വർദ്ധിപ്പിക്കുന്നതിനായി സമഗ്രമായ ഒരു കർമ്മ പദ്ധതി ഉടൻ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
gdsgd

