ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമിക്ക് യു.പി.പി. യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമിക്ക് യൂണൈറ്റഡ് പാരന്റ് പാനലിന്റെ (യു.പി.പി.) ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ യു.പി.പി. ഭാരവാഹികളായ ഡോ. സുരേഷ് സുബ്രമണ്യം, ചന്ദ്രബോസ് എന്നിവർ ചേർന്ന് അദ്ദേഹത്തിന് സ്നേഹോപഹാരം കൈമാറി. തുടർന്ന് ഭാരവാഹികളായ എഫ്.എം. ഫൈസൽ, അബ്ബാസ് സേഠ്, ജാവേദ് പാഷ, ശിബിൻ എന്നിവർ ചേർന്ന് പ്രിൻസിപ്പലിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു.
കഴിഞ്ഞ ഇരുപത്തഞ്ചിലധികം വർഷങ്ങളായി ബഹ്റൈൻ ഇന്ത്യൻ സ്കൂളിന്റെ വിദ്യാഭ്യാസ മികവിനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനുമായി വി.ആർ. പളനിസ്വാമി നൽകിയ സമർപ്പിത സേവനങ്ങളെയും മാതൃകാപരമായ നേതൃത്വത്തെയും ചടങ്ങിൽ സംസാരിച്ച യു.പി.പി. ഭാരവാഹികൾ പ്രത്യേകം പ്രശംസിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചതായും അവർ അഭിപ്രായപ്പെട്ടു.
മറുപടി പ്രസംഗത്തിൽ, തനിക്ക് ഇത്രയും ഹൃദ്യമായ യാത്രയയപ്പ് ചടങ്ങ് ഒരുക്കിയ യു.പി.പി. നേതൃത്വത്തിനും അതിലെ എല്ലാ അംഗങ്ങൾക്കും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി നന്ദി രേഖപ്പെടുത്തി. തന്റെ സേവനകാലയളവിൽ യു.പി.പി. സ്കൂളിനോടും വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും പുലർത്തിയ മികച്ച സഹകരണവും ക്രിയാത്മകമായ ഇടപെടലുകളും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഭാവിയിലും സ്കൂളിന്റെ പുരോഗതിക്കായി യു.പി.പി. ഇതേ ആത്മാർഥതയോടെയും സജീവതയോടെയും പ്രവർത്തിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സൗഹൃദവും സ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പലിന് ഹൃദയസ്പർശിയായ അനുഭവമായി മാറി.
gdfgd

