വ്യാജ സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് നൽകി അധ്യാപക ജോലി നേടാൻ ശ്രമം; രണ്ട് വിദേശികൾക്ക് ആറ് മാസം തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര
മനാമ: സ്വകാര്യ സ്കൂളുകളിൽ അധ്യാപക ജോലി നേടുന്നതിനായി വ്യാജ സർവകലാശാല ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച രണ്ട് വിദേശികൾക്ക് ലോവർ ക്രിമിനൽ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. വെവ്വേറെ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഈ വിധി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും വ്യാജ രേഖകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അംഗീകാരം നൽകുന്ന ബന്ധപ്പെട്ട ഔദ്യോഗിക അതോറിറ്റികളിലും പ്രതികൾ വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി സൈബർ ക്രൈം പ്രൊസിക്യൂഷൻ ഡെപ്യൂട്ടി ചീഫ് അറിയിച്ചു. സ്കൂളുകളിൽ അധ്യാപക തസ്തികകളിലേക്ക് നിയമന അനുമതി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഈ രേഖകൾ ഹാജരാക്കിയത്.
വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പതിവ് പരിശോധനകളിലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടപടികളിലുമാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. അധ്യാപന രംഗത്തേക്ക് ആവശ്യമായ അക്കാദമിക് യോഗ്യതകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഒരു പ്രത്യേക ഏജൻസിയുടെ സഹകരണത്തോടെ മന്ത്രാലയം നടത്തിവരുന്ന കർശനമായ പരിശോധനയിലാണ് ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
sfsdf

