അപകടത്തിൽപ്പെട്ട വാഹനം മറച്ചുവെച്ച് വിറ്റു; മെഴ്‌സിഡസ് ബെൻസ് വിൽപ്പന കരാർ റദ്ദാക്കി ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: വാഹനം വാങ്ങി മൂന്ന് വർഷത്തിന് ശേഷം ഗുരുതരമായ തകരാറുകളും മുൻപുണ്ടായ വൻ അപകടവിവരവും മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, കാർ വിൽപ്പന കരാർ റദ്ദാക്കി ബഹ്‌റൈൻ കോടതി. 2017 മോഡൽ മെഴ്‌സിഡസ് ബെൻസ് C300 വാഹനം വാങ്ങിയ സ്വദേശി വനിതയ്ക്കാണ് ഹൈ സിവിൽ അപ്പീൽ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്.
അപകടങ്ങളിൽപ്പെടാത്തതും ഗൾഫ് സ്പെസിഫിക്കേഷനിലുള്ളതുമായ വാഹനമാണെന്ന് വിശ്വസിപ്പിച്ചാണ് 12,500 ദീനാറിന് ഇയാൾക്ക് വാഹനം വിറ്റത്. എന്നാൽ പിന്നീട് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ, വാഹനം അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും അമേരിക്കയിലെ മിയാമിയിൽ വെച്ച് വൻ അപകടത്തിൽപ്പെട്ടിരുന്നതായും കണ്ടെത്തി. മുൻവശത്തും ഇരുവശങ്ങളിലും കാര്യമായ കേടുപാടുകൾ സംഭവിച്ച വാഹനം ഭാഗങ്ങൾ മാറ്റി പണിതാണ് വിൽപ്പനയ്‌ക്കെത്തിച്ചത്.
കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പരിശോധനയിൽ തകരാറുകൾ മറച്ചുവെച്ചതാണെന്നും അറ്റകുറ്റപ്പണികൾ അപൂർണ്ണമായിരുന്നുവെന്നും വ്യക്തമായി. വാഹനം വാങ്ങിയ സമയത്ത് ഇതിന് 9,300 ദീനാർ മാത്രമായിരുന്നു മൂല്യം. ഇത് നന്നാക്കാൻ മാത്രം 3,850 ദീനാർ ചെലവ് വരുമായിരുന്നു.
കേസ് പരിഗണിച്ച ഹൈ സിവിൽ അപ്പീൽ കോടതി വിൽപ്പന കരാർ റദ്ദാക്കുകയായിരുന്നു. മൂന്ന് വർഷത്തെ ഉപയോഗത്തിന് 3,000 ദീനാർ കുറച്ച്, ബാക്കി 9,500 ദീനാർ പരാതിക്കാരിക്ക് തിരികെ നൽകാൻ വിൽപ്പനക്കാരനോട് കോടതി ഉത്തരവിട്ടു. വനിത വാഹനം തിരികെ നൽകുകയും വേണം.
sdfsf

