ഡെന്റൽ അസിസ്റ്റന്റുമാർക്കായി ആദ്യ ദേശീയ ലൈസൻസിംഗ് പരീക്ഷ സംഘടിപ്പിച്ച് ബഹ്‌റൈൻ എൻഎച്ച്ആർഎ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ ഡെന്റൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ആദ്യ ദേശീയ പരീക്ഷ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) സംഘടിപ്പിച്ചു. അംഗീകൃത മാനദണ്ഡങ്ങൾക്കും അന്താരാഷ്ട്ര മികവുകൾക്കും അനുസൃതമായി എൻഎച്ച്ആർഎയുടെ തദ്ദേശീയ വിദഗ്ദ്ധർ തന്നെയാണ് പരീക്ഷ പൂർണ്ണമായും തയാറാക്കിയത്.
ബഹ്‌റൈനിൽ പ്രാക്ടീസ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന രീതിയിലാണ് അതോറിറ്റിയുടെ സാങ്കേതിക വിദഗ്ദ്ധ സംഘം പരീക്ഷ വികസിപ്പിച്ചതെന്ന് എൻഎച്ച്ആർഎ സിഇഒ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി പറഞ്ഞു. പ്രൊഫഷണൽ മൂല്യനിർണ്ണയത്തിന്റെയും ലൈസൻസിംഗ് സംവിധാനത്തിന്റെയും കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
ആരോഗ്യ മേഖലയിലെ ലൈസൻസിംഗ് രീതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഈ പരീക്ഷയിലൂടെ വ്യക്തമാകുന്നത്. കൃത്യമായ പ്രൊഫഷണൽ യോഗ്യതയുള്ള ജീവനക്കാരെ മാത്രം അനുവദിക്കുന്നത് രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സഹായിക്കും.
ദേശീയ വിദഗ്ദ്ധരുടെ കഴിവുകൾ പ്രയോജനപ്പെടുത്തി പ്രൊഫഷണൽ അസസ്‌മെന്റ് ടൂളുകൾ ഇനിയും വികസിപ്പിക്കുമെന്ന് സിഇഒ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് നൽകുന്നതിന് മുൻപ് അവരുടെ പ്രൊഫഷണൽ യോഗ്യത ഉറപ്പുവരുത്തുന്നത് എൻഎച്ച്ആർഎയുടെ പ്രാഥമിക ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
czczxc

