ബഹ്റൈനിൽ മുനിസിപ്പൽ കൗൺസിലുകളുടെ 60 ദിവസത്തെ വേനൽക്കാല അവധിക്ക് തുടക്കം; ജനസേവനങ്ങളും വികസന പദ്ധതികളും തടസ്സമില്ലാതെ തുടരും


പ്രദീപ് പുറവങ്കര

മനാമ: ആറാം നിയമനിർമ്മാണ ഘട്ടത്തിലെ നാലാം സമ്മേളന റൗണ്ട് അവസാനിച്ചതിനെ തുടർന്ന് രാജ്യത്തെ മുനിസിപ്പൽ കൗൺസിലുകളുടെ വാർഷിക 60 ദിവസത്തെ വേനൽക്കാല അവധിക്ക് തുടക്കമായി. അവധിക്കാലത്തും പൊതുജന സേവനങ്ങളും വിവിധ വികസന പദ്ധതികളുടെ മേൽനോട്ടവും തടസ്സമില്ലാതെ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഈ കാലയളവിൽ കൗൺസിലിന്റെ പതിവ് സെഷനുകളും കമ്മിറ്റി യോഗങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെങ്കിലും, ജനങ്ങളുടെ അപേക്ഷകൾ കൈകാര്യം ചെയ്യൽ, സേവന പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ, വിവിധ സർക്കാർ സ്ഥാപനങ്ങളുമായുള്ള ഏകോപനം എന്നിവ സജീവമായി മുന്നോട്ട് പോകുമെന്ന് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി.

ഗവർണറേറ്റിലുടനീളം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ നിരീക്ഷണവും സേവന കാര്യങ്ങളും കൗൺസിൽ തുടർന്നും വിലയിരുത്തുമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നഹാർ പറഞ്ഞു. റോഡ് വികസനം, ഇൻഫ്രാസ്ട്രക്ചർ നവീകരണം എന്നിവയ്‌ക്കൊപ്പം മുഹറഖിന്റെ ചരിത്രപരമായ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ടുള്ള നഗര വികസന പദ്ധതികൾക്കും മുൻഗണന നൽകുന്നുണ്ട്. റോഡ്, മലിനജല ശുദ്ധീകരണ പദ്ധതികൾ തുടരുമെന്നും, ഷെയ്ഖ് ഹമദ് സ്ട്രീറ്റിൽ പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കുന്നതിനുള്ള പുനർവികസന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവധിക്കാലത്തും ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ആവശ്യമായ ഏകോപനങ്ങൾ നടത്തുമെന്നും നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. ഷുബർ അൽ വിദാഇ വ്യക്തമാക്കി. കൗൺസിൽ യോഗങ്ങൾക്ക് താൽക്കാലിക അവധിയാണെങ്കിലും ജനകീയ ആവശ്യങ്ങളിൽ വീഴ്ചവരുത്തില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

article-image

sadad

You might also like

  • Lulu Exchange
  • Straight Forward

Most Viewed