ഇറാന്റെ ഡ്രോൺ ആക്രമണം; ബഹ്‌റൈന് പൂർണ്ണ പിന്തുണയുമായി ജിസിസി രാജ്യങ്ങൾ


പ്രദീപ് പുറവങ്കര

മനാമ :കഴിഞ്ഞ ദിവസം ബഹ്റൈന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ജിസിസി രാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയായും അടുത്തിടെ രൂപീകരിച്ച സമാധാന ഉടമ്പടികളോടുള്ള വഞ്ചനയായുമാണ് ഔദ്യോഗിക വൃത്തങ്ങൾ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തെ സാധ്യമായ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ച ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം, ഈ വ്യോമാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് നേരെയുള്ള കടുത്ത ഭീഷണിയാണെന്നും പ്രഖ്യാപിച്ചു.

സൈനിക നടപടികൾ സ്ഥിരമായി നിർത്തലാക്കുമെന്നും പ്രാദേശിക പരമാധികാരത്തെ മാനിക്കുമെന്നും പ്രതിജ്ഞ ചെയ്തുകൊണ്ട് കേവലം പത്ത് ദിവസം മുമ്പ്, ജൂൺ 17-നാണ് ഇറാൻ ഇസ്ലാമാബാദ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന കാര്യം മനാമ പ്രത്യേകം ചൂണ്ടിക്കാണിച്ചു. ഭയപ്പെടുത്തലിലൂടെയല്ല സമാധാനം കെട്ടിപ്പടുക്കേണ്ടതെന്നും അധിനിവേശത്തിലൂടെയല്ല സുരക്ഷ ഉറപ്പാക്കേണ്ടതെന്നും വ്യക്തമാക്കിയ മന്ത്രാലയം, മേഖലയിലെ സമാധാന ശ്രമങ്ങളെ അസ്ഥിരപ്പെടുത്തിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ടെഹ്‌റാനാണെന്നും മുന്നറിയിപ്പ് നൽകി.

ഗൾഫ് മേഖലയിലുടനീളം ഇതിനെതിരെ അതിവേഗത്തിലുള്ളതും ഏകോപിതവുമായ പ്രതികരണമാണുണ്ടായത്. ഈ ക്രൂരമായ ഇറാനിയൻ അധിനിവേശത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് വ്യക്തമാക്കിയ ഖത്തർ, ബഹ്‌റൈന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചർച്ചകളിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെടുകയും ചെയ്തു.
ആക്രമണം പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് കുവൈറ്റ് വിശേഷിപ്പിച്ചപ്പോൾ, യുഎഇയും തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി പ്രാദേശിക പ്രതിഷേധത്തിനൊപ്പം ചേർന്നു.

അതേസമയം, ഈ ആക്രമണം സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്ന് ശൂറ കൗൺസിൽ പ്രസിഡന്റ് അലി ബിൻ സാലിഹ് അൽ സാലിഹ് വിശേഷിപ്പിക്കുകയും, ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും പിന്നിൽ അണിനിരക്കാൻ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ജിസിസി രാജ്യങ്ങളും ജോർദാനും സംയുക്തമായി സ്പോൺസർ ചെയ്തതും 136 രാജ്യങ്ങളുടെ പിന്തുണയുള്ളതുമായ യുഎൻ രക്ഷാസമിതി പ്രമേയം 2817 ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ഉദ്ധരിക്കുകയും, തങ്ങളുടെ അധികാരം നടപ്പിലാക്കാനും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും രക്ഷാസമിതിയോട് ആവശ്യപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര നിയമപ്രകാരം തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ രാജ്യത്തിന് പൂർണ്ണമായ നിയമപരമായ അവകാശമുണ്ടെന്ന് ബഹ്‌റൈൻ ആവർത്തിച്ചു വ്യക്തമാക്കി.

article-image

sdfs

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed