രാത്രികാല കടൽവിലക്ക് ലംഘനം: തീരസംരക്ഷണ സേനാ ബോട്ടുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു; ബഹ്റൈനിൽ മൂന്നുപേർ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ വൈകുന്നേരം 6:30 മുതൽ പുലർച്ചെ 4:00 വരെയുള്ള രാത്രികാല കടൽവിലക്ക് ലംഘിച്ചതിന് മൂന്ന് പേരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്യുകയും ഇവരുടെ ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. പതിവ് നോട്ടവും സുരക്ഷാ പരിശോധനയും നടത്തുന്നതിനിടെയാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റഡാറുകളും തീരദേശ ക്യാമറകളും ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ ബോട്ട് തീരത്തുനിന്ന് വടക്കൻ കടൽപ്രദേശത്തേക്ക് പോകുന്നത് സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡ് പട്രോളിംഗ് സംഘം ബോട്ടിനോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും, മുന്നറിയിപ്പുകൾ അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതികളുടെ ബോട്ട് കോസ്റ്റ് ഗാർഡിന്റെ പട്രോൾ യാനത്തിലേക്ക് മനഃപൂർവ്വം ഇടിച്ചുകയറ്റുകയും ചെയ്തു. കൂട്ടിയിടിയിൽ പട്രോൾ യാനത്തിന് കേടുപാടുകൾ സംഭവിക്കുകയും രണ്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിനിടെ ബോട്ടിലുണ്ടായിരുന്ന രണ്ടുപേർ കടലിലേക്ക് വീണെങ്കിലും കോസ്റ്റ് ഗാർഡ് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. തുടർന്ന് ബോട്ടിലെ മൂന്നാമത്തെയാളെ പിന്തുടർന്ന സുരക്ഷാസേന, ആഴം കുറഞ്ഞ പ്രദേശത്ത് ബോട്ട് അടുപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാളെയും പിടികൂടുകയായിരുന്നു. കേസിൽ തുടരന്വേഷണം നടന്നു വരുന്നു.
grfgfgf

