രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: ബുദയ്യ ഹൈവേ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി
പ്രദീപ് പുറവങ്കര
മനാമ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പഠനങ്ങൾക്കും രൂപകൽപനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം ബുദയ്യ ഹൈവേ വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡിന്റെ വശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വീതികൂട്ടൽ ജോലികൾക്കായി നിർദ്ദിഷ്ട ഭൂമി വേലികെട്ടി തിരിക്കുകയും ചെയ്തു. പദ്ധതി പ്രദേശത്തുണ്ടായിരുന്ന മരങ്ങളും ഈന്തപ്പനകളും മറ്റൊരിടത്തേക്ക് മാറ്റിനട്ടു. റോഡിരുവശങ്ങളിലും പ്രവർത്തിച്ചിരുന്ന ഫുഡ് ട്രക്കുകളും നീക്കം ചെയ്തിട്ടുണ്ട്.
സാർ, ദിറാസ് റൗണ്ട് എബൗട്ടുകൾക്കിടയിലാണ് നിലവിൽ പ്രധാന ജോലികൾ നടക്കുന്നത്. ഇതിനോടൊപ്പം പ്രദേശത്തെ വൈദ്യുതി, കുടിവെള്ളം, മറ്റ് ഭൂഗർഭ സേവനങ്ങൾ എന്നിവ മാറ്റുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുന്നു. അൽ അലി ഗ്രൂപ്പുമായി 2.919 കോടി (29.19 മില്യൺ) ബഹ്‌റൈനി ദീനാറിന്റെ കരാറിലാണ് മന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്. സൽമാൻ സിറ്റിയിലേക്കുള്ള റോഡ് വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കുവൈറ്റ് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റാണ് സാമ്പത്തിക സഹായം നൽകുന്നത്.
കിഴക്ക് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ ജംഗ്ഷൻ മുതൽ പടിഞ്ഞാറ് ജനാബിയ ഹൈവേ ജംഗ്ഷൻ വരെയുള്ള 6.7 കിലോമീറ്റർ ഭാഗമാണ് വികസിപ്പിക്കുന്നത്. ഇരുവശങ്ങളിലേക്കുമായി നിലവിലുള്ള നാല് വരി പാത ആറ് വരിയായി ഉയർത്തും. നിലവിലുള്ള നാല് റൗണ്ട് എബൗട്ടുകൾ മാറ്റി സിഗ്നൽ ജംഗ്ഷനുകൾ സ്ഥാപിക്കും. ജനാബിയ ഹൈവേയിലെ ട്രാഫിക് സിഗ്നലിലും മാറ്റങ്ങൾ വരുത്തും. വികസനം പൂർത്തിയാകുന്നതോടെ തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും.
fdfdfd

