റെസ്റ്റോറന്റുകളിലെ ഭക്ഷണ വിഭവങ്ങളിൽ കാലറി വിവരങ്ങൾ നിർബന്ധമാക്കാൻ നീക്കം; നിർദ്ദേശവുമായി ഷെയ്ഖ് നാസർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ റെസ്റ്റോറന്റുകളിൽ വിളമ്പുന്ന ഭക്ഷണ വിഭവങ്ങളിലെ കാലറി വിവരങ്ങൾ വ്യക്തമാക്കുന്നത് നിർബന്ധമാക്കുന്നതിനുള്ള പുതിയ സംവിധാനം പരിഗണനയിൽ. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശത്തെത്തുടർന്നാണ് പഠനം ആരംഭിച്ചത്.
ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനും ഈ നീക്കം വഴിയൊരുക്കുമെന്ന് പാർലമെന്റ് ധനകാര്യ സാമ്പത്തിക സമിതി ചെയർമാൻ അഹമ്മദ് അൽ സല്ലൂം പറഞ്ഞു. പ്രമേഹം, അമിതവണ്ണം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവർക്കും ഡയറ്റ് പിന്തുടരുന്നവർക്കും കായികതാരങ്ങൾക്കും ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യും.
നിയമപരവും പ്രായോഗികവുമായ കാര്യങ്ങൾ പഠിച്ച ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക. അംഗീകൃത സ്പെഷ്യലിസ്റ്റ് കമ്പനികൾ വഴി കാലറി കൃത്യമായി കണക്കാക്കാനും സർക്കാർ സംവിധാനങ്ങൾ വഴി മേൽനോട്ടം വഹിക്കാനും സാധിക്കും. റെസ്റ്റോറന്റുകൾ ആരോഗ്യകരമായ വിഭവങ്ങൾ ഉൾപ്പെടുത്താനും ചേരുവകളിൽ മാറ്റം വരുത്താനും ഇത് പ്രചോദനമാകും.
ഡിജിറ്റൽ മെനുകൾ, ക്യൂആർ (QR) കോഡുകൾ, ഫുഡ് ഡെലിവറി ആപ്പുകൾ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഓർഡർ നൽകുന്നതിന് മുൻപ് തന്നെ കാലറി വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കും. നേരത്തെ തന്നെ താൻ ഇത്തരമൊരു നിർദ്ദേശം പാർലമെന്റിൽ മുന്നോട്ടുവെച്ചിരുന്നുവെന്നും പുതിയ നിർദ്ദേശം പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ സഹായകരമാകുമെന്നും അൽ സല്ലൂം വ്യക്തമാക്കി.
dscddsds

