കെ.സി.ഇ.സി. ബഹ്റൈൻ പ്രവർത്തന ഉദ്ഘാടനം ജൂൺ 16-ന്
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2026–2027 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം ജൂൺ 16 ചൊവ്വാഴ്ച വൈകിട്ട് 7.30-ന് കേരള കാത്തലിക് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും.
കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ബഹു. വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ ജോൺ ഏബനൈസർ നന്ദിയും അർപ്പിക്കും.
2026–2027 പ്രവർത്തന വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പരിചയപ്പെടുത്തൽ, വാർഷിക പ്രമേയത്തിന്റെ അവതരണം, സംഘടനയുടെ ലോഗോ പ്രകാശനം, ലോഗോ രൂപകൽപ്പന മത്സരത്തിൽ പങ്കെടുത്തവർക്ക് ഉപഹാര വിതരണം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും.
വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ വിഷയാവതരണവും വൈസ് പ്രസിഡന്റ് ജെയിംസ് ജോണും പ്രോഗ്രാം കൺവീനർ ആന്റണി റോഷും ആശംസകളും അർപ്പിക്കും.
പ്രസ്തുത യോഗത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കെ.സി.ഇ.സി. പി.ആർ.ഒ. ഡിജു ജോൺ മാവേലിക്കര അറിയിച്ചു.
പരുപര

