ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തതാ പ്രഖ്യാപനവുമായി ബഹ്‌റൈൻ കേരളീയ സമാജം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള അചഞ്ചലമായ വിശ്വസ്തതയും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) വിശ്വസ്തതാ പ്രതിജ്ഞാ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ രാജാവിന്റെ ദീർഘദർശിത്വമുള്ള നേതൃത്വത്തിൽ പൂർണ വിശ്വാസം രേഖപ്പെടുത്തുകയും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. പ്രവാസി സമൂഹങ്ങൾക്ക് സുരക്ഷിതവും സമാധാനപരവുമായ ജീവിതസാഹചര്യം ഒരുക്കിയതിനും, രാജ്യം ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുത, സഹവർത്തിത്വം എന്നീ മൂല്യങ്ങൾക്കും അവർ ബഹ്‌റൈൻ ഭരണകൂടത്തോട് നന്ദി അറിയിച്ചു.
ദേശീയ ഐക്യത്തെയും സുരക്ഷയെയും തകർക്കാൻ ശ്രമിക്കുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യം സ്വീകരിക്കുന്ന കർശന നടപടികൾക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബഹ്‌റൈന്റെ പരമാധികാരവും കൈവരിച്ച നേട്ടങ്ങളും നിലനിർത്താനും, എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കിക്കൊണ്ടുള്ള സുസ്ഥിര വികസനത്തിനും ഈ നടപടികൾ അനിവാര്യമാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകൾ വ്യക്തമാക്കിക്കൊണ്ട് രാജാവ് അടുത്തിടെ നടത്തിയ പ്രസ്താവനകൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സമഗ്ര വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും നൽകുന്ന പ്രാധാന്യത്തെ പ്രവാസികൾ അഭിനന്ദിച്ചു.
മഹാരാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കൈവരിക്കുന്ന തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകുമെന്ന കൂട്ടായ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.
ോേ്ിോേ്ി

