എസ്.എൻ.സി.എസ് പുതിയ ഭരണസമിതി അധികാരമേറ്റു; ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ (എസ്.എൻ.സി.എസ്) 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി ഔദ്യോഗികമായി അധികാരമേറ്റു. സൊസൈറ്റി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തത്. സൊസൈറ്റിയുടെ ചരിത്രത്തിൽ തന്നെ വഴിത്തിരിവായി ഇതാദ്യമായി രണ്ടു വനിതാ പ്രതിനിധികൾ ഭരണസമിതിയുടെ ഭാഗമായി എന്ന വലിയ സവിശേഷതയും ഇത്തവണത്തെ കമ്മിറ്റിക്കുണ്ട്.
പുതിയ കമ്മിറ്റിയുടെ ചെയർമാനായി സുനീഷ് സുശീലനും വൈസ് ചെയർമാനായി അനിയൻ നാണുവും ചുമതലയേറ്റു. പ്രകാശ് കെ. പി. ആണ് പുതിയ ജനറൽ സെക്രട്ടറി. സുരേഷ് ബാബു അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായും അനിമോൻ ചന്ദ്രൻ ട്രഷററായും സന്തോഷ് കുമാർ അസിസ്റ്റന്റ് ട്രഷററായും പ്രവർത്തിക്കും. കൾച്ചറൽ സെക്രട്ടറിയായി സംഗീത ഗോകുലും, മെമ്പർഷിപ്പ് സെക്രട്ടറിയായി ഷിബു രാഘവനും, വെൽനെസ്സ് സെക്രട്ടറിയായി അരുൺകുമാറും, എജുക്കേഷൻ സെക്രട്ടറിയായി സുധ സുനിലും, കമ്മ്യൂണിറ്റി സ്പോക്സ്മാനായി ഷോബി രാമകൃഷ്ണനും, ഇന്റർണൽ ഓഡിറ്ററായി അജികുമാറും തങ്ങളുടെ ചുമതലകൾ നിർവഹിക്കും.
ശ്രീനാരായണ ഗുരുദേവന്റെ ഉദാത്തമായ ആദർശങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ട്, മാനവമൈത്രിയും കാരുണ്യനിറഞ്ഞ സാമൂഹിക സേവനവും ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങളുമായി സൊസൈറ്റി ശക്തമായി മുന്നോട്ടുപോകുമെന്ന് ചെയർമാൻ സുനീഷ് സുശീലനും ജനറൽ സെക്രട്ടറി പ്രകാശ് കെ. പിയും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. സൊസൈറ്റിയുടെ വരാനിരിക്കുന്ന എല്ലാ ഭാവി പ്രവർത്തനങ്ങൾക്കും ബഹ്‌റൈനിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
safsdf

