ഇറാൻ അനുകൂല നെറ്റ്‌വർക്കിലെ 56 പേർ അറസ്റ്റിൽ; അഷുറ ചടങ്ങുകൾ രാഷ്ട്രീയവത്കരിക്കുന്നത് അനുവദിക്കില്ലെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി പാർട്ണർഷിപ്പ് സ്ട്രാറ്റജിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ രാജ്യത്തെ കമ്മ്യൂണിറ്റി സെന്ററുകളുടെ (മാറ്റാംസ്) മേധാവികളുമായും ഭാരവാഹികളുമായും വാർഷിക കൂടിക്കാഴ്ച നടത്തി. പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ വെച്ച് നടന്ന യോഗത്തിൽ ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് മന്ത്രി, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി, പോലീസ് ചീഫ്, വിവിധ ഗവർണർമാർ, ഇസ്ലാമിക് എൻഡോവ്മെന്റ് കൗൺസിലിന്റെ രണ്ട് ഡെപ്യൂട്ടി ചെയർമാന്മാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. വരാനിരിക്കുന്ന അഷുറ ചടങ്ങുകൾക്ക് മുന്നോടിയായുള്ള ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.

ഭരണനിർവഹണത്തിന്റെ പ്രധാന തൂണായ കമ്മ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ആശംസകളും പ്രതിബദ്ധതയും മന്ത്രി യോഗത്തിൽ പങ്കുവെച്ചു.

ഇത്തവണത്തെ അഷുറ സീസൺ ഒരു സാധാരണ ചടങ്ങല്ലെന്ന് വ്യക്തമാക്കിയ മന്ത്രി രണ്ട് പ്രധാന വിഷയങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്; അഷുറ ചടങ്ങുകളുടെ മികച്ച രീതിയിലുള്ള സംഘാടനവും, ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായും (IRGC) വിലായത്ത് അൽ-ഫഖീഹുമായും ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരു സംഘത്തെ അറസ്റ്റ് ചെയ്തതുമാണത്.

വിലായത്ത് അൽ-ഫഖീഹ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ ശ്രമിച്ച 41 പ്രധാന ഏജന്റുമാരെയും, ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ താഴേത്തട്ടിൽ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ 15 ഫീൽഡ് ഓപ്പറേറ്റർമാരെയും ഉൾപ്പെടെ ആകെ 56 പേരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നതനുസരിച്ച്, ഈ സംഘം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ലൈസൻസില്ലാതെ ഫണ്ട് ശേഖരിക്കുകയും ചെയ്തു. ശേഖരിച്ച പണത്തിൽ ഒരു ഭാഗം ഭീകര സംഘടനകൾക്ക് ധനസഹായം നൽകാനായി ഇറാൻ, ഇറാഖ്, ലെബനൻ എന്നിവിടങ്ങളിലേക്ക് കടത്തിയതായും ചില പ്രതികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഈ പണം ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി സെന്ററുകൾ (മാറ്റാംസ്), മതപഠന ക്ലാസുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ വഴി സമൂഹത്തിലേക്ക് നുഴഞ്ഞുകയറി സെല്ലുകൾ രൂപീകരിച്ച് യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം.

വിലായത്ത് അൽ-ഫഖീഹ് പ്രത്യയശാസ്ത്രം പിന്തുടരുന്നവർ തങ്ങളുടെ സ്വന്തം രാജ്യത്തോടുള്ള രാഷ്ട്രീയ കൂറ് മാറ്റി ഇറാന്റെ പരമാധികാരിയോട് കാണിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. അറസ്റ്റിലായ ഈ ശൃംഖല ബഹ്‌റൈനിലെ ഷിയാ ഇസ്ലാമിക നിയമശാസ്ത്രത്തിന്റെ സ്വഭാവം രഹസ്യമായി മാറ്റിയെഴുതാനും ഇറാന്റെ നേതൃത്വത്തോട് വിശ്വസ്തത വളർത്താനും മതത്തിന്റെ മറവിൽ ഇറാനിയൻ സ്വാധീനം വ്യാപിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. ബഹ്‌റൈന്റെ തനിമയും സ്വത്വവും മാറ്റാനുള്ള ഈ ഗൂഢാലോചനയെ പരാജയപ്പെടുത്താനും യുവാക്കളുടെ ചിന്താഗതിയെയും രാജ്യത്തോടുള്ള കൂറിനെയും സംരക്ഷിക്കാനും എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

അഷുറ ചടങ്ങുകളുടെ മതപരവും സാംസ്കാരികവുമായ പവിത്രത കാത്തുസൂക്ഷിക്കുന്നതിലും പൊതുസുരക്ഷയും സാമൂഹിക സമാധാനവും ശക്തമാക്കുന്നതിലും കമ്മ്യൂണിറ്റി സെന്റർ ഭാരവാഹികൾ കാലങ്ങളായി നൽകുന്ന പിന്തുണയെ മന്ത്രി പ്രശംസിച്ചു. ഒപ്പം എല്ലാവരും രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങുകളിൽ വിദേശ പതാകകളോ, പ്രാദേശിക രാഷ്ട്രീയ അജണ്ടകളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളോ പാടില്ലെന്നും വാലി അൽ-ഫഖീഹിനോടുള്ള അനുശോചന പ്രകടനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിലെ ഹുസൈനിയ അനുശോചന പാരമ്പര്യങ്ങൾക്ക് വിലായത്ത് അൽ-ഫഖീഹ് സിദ്ധാന്തത്തേക്കാൾ പഴക്കമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമാനുസൃതമായ മതപരമായ ആചാരങ്ങൾക്ക് രാജ്യം പൂർണ്ണ സംരക്ഷണം നൽകുമെന്നും എന്നാൽ മതപരമായ അവസരങ്ങളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

യോഗത്തിന്റെ സമാപനത്തിൽ, അഷുറ ചടങ്ങുകൾക്ക് ഹിസ് മജസ്റ്റി രാജാവ് നൽകുന്ന പിന്തുണയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ എച്ച്.ആർ.എച്ചിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയ്ക്കും കമ്മ്യൂണിറ്റി സെന്റർ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. സുരക്ഷിതവും സമാധാനപരവുമായ ഒരു അഷുറ സീസൺ ഉറപ്പാക്കുന്നതിനായി അധികൃതർ നടത്തുന്ന ശ്രമങ്ങളെ അവർ അഭിനന്ദിക്കുകയും ചെയ്തു.

article-image

ോേ്്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed