വ്യാജ ബഹ്‌റൈൻ ദിനാർ പ്രചരിപ്പിച്ച സ്വദേശിക്ക് അഞ്ചു വർഷം തടവും പിഴയും


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ വ്യാജ കറൻസി നോട്ടുകൾ പ്രചരിപ്പിച്ച കേസിൽ സ്വദേശിയായ യുവാവിന് അഞ്ചു വർഷം തടവും 500 ദിനാർ പിഴയും വിധിച്ച് കോടതി. പ്രതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഫസ്റ്റ് ക്രിമിനൽ സർക്യൂട്ട് മുൻപ് നൽകിയ ശിക്ഷാവിധി ശരിവെച്ചത്. കേസിനാസ്പദമായ 40 വ്യാജ ബഹ്‌റൈൻ ദിനാറുകൾ ഉൾപ്പെടെ പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഒരു ചെറിയ ഹോട്ടലിൽ നിന്നാണ് ഈ വ്യാജ കറൻസി ഇടപാടിന്റെ വിവരങ്ങൾ ആദ്യം പുറത്തുവരുന്നത്. ഹോട്ടലിൽ മുറിയെടുത്ത പ്രതി, വാടകയിനത്തിൽ 20 ദിനാറിന്റെ നോട്ട് ക്യാഷിൽ നൽകി. ബാക്കി തുകയായി 10 ദിനാർ ജീവനക്കാരൻ ഇയാൾക്ക് തിരികെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് നോട്ട് പരിശോധിച്ച റിസപ്ഷനിസ്റ്റിന് അതിൽ സംശയം തോന്നുകയും, അത് വ്യാജനാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

മണിക്കൂറുകൾക്ക് ശേഷം സമാനമായ രീതിയിൽ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും പോലീസിന് പരാതി ലഭിച്ചു. ഇതേ വ്യക്തി തന്നെ അവിടെയും എത്തി 20 ദിനാറിന്റെ വ്യാജ നോട്ട് നൽകി സാധനങ്ങൾ വാങ്ങിയതായി ജീവനക്കാർ അറിയിച്ചു. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കിയ സുരക്ഷാ ഉദ്യോഗസ്ഥർ, കൃത്യമായ പ്ലാനിംഗിലൂടെ കെണിയൊരുക്കി പ്രതിയെ വലയിലാക്കുകയായിരുന്നു.

ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ, തനിക്ക് മറ്റൊരാളിൽ നിന്ന് ലഭിച്ച പണമാണിതെന്നും വ്യാജനാണെന്ന വിവരം അറിയില്ലായിരുന്നു എന്നുമാണ് പ്രതി പറഞ്ഞത്. എന്നാൽ പോലീസ് വിശദമായി അന്വേഷിച്ചതോടെ, നോട്ട് വ്യാജനാണെന്ന് തനിക്ക് കൃത്യമായി അറിയാമായിരുന്നെന്നും ഒറിജിനൽ കറൻസി ബാക്കി ലഭിക്കാനാണ് താൻ ഈ നോട്ടുകൾ നൽകി സാധനങ്ങളും സേവനങ്ങളും വാങ്ങിയതെന്നും പ്രതി സമ്മതിച്ചു. ഇയാളെ പരിശോധിച്ച കൂട്ടത്തിൽ സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൂടുതൽ വ്യാജ നോട്ടുകൾ പോലീസ് കണ്ടെത്തുകയും ചെയ്തു.

പിടിച്ചെടുത്ത കറൻസി നോട്ടുകൾ ഫോറൻസിക് രേഖാവിദഗ്ദ്ധർ പരിശോധിച്ചപ്പോൾ, ഇവ ഒറ്റനോട്ടത്തിൽ യഥാർത്ഥ നോട്ടുകളുമായി ഏറെ സാമ്യമുള്ളതാണെന്നും സാധാരണക്കാരെ എളുപ്പത്തിൽ പറ്റിക്കാൻ പറ്റുന്ന തരത്തിലുള്ളതാണെന്നും കണ്ടെത്തി. വ്യാജ കറൻസി കൈവശം വെക്കൽ, അത് വിപണിയിൽ പ്രചരിപ്പിക്കൽ, കബളിപ്പിച്ചു സാധനങ്ങൾ കൈക്കലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ രജിസ്റ്റർ ചെയ്ത കേസിൽ കോടതി പ്രതിക്ക് തടവും പിഴയും ശിക്ഷയായി വിധിക്കുകയായിരുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed