ബഹ്റൈൻ ലാൽകെയേഴ്സ് മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കമായി
പ്രദീപ് പുറവങ്കര
മനാമ: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ലാൽകെയേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മോഹൻലാൽ നായകനാകുന്ന 'ദൃശ്യം 3' സിനിമയുടെ പ്രദർശന ഉദ്ഘാടനത്തിന് ശേഷമാണ് മെഡിക്കൽ ക്യാമ്പ് പരമ്പര ആരംഭിച്ചത്. ആഘോഷങ്ങൾ കേവലം ചടങ്ങുകളിൽ ഒതുക്കാതെ സമൂഹത്തിന് ഉപകാരപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
മനാമയിലെ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആദ്യ മെഡിക്കൽ ക്യാമ്പിൽ മികച്ച ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണം, പ്രാഥമിക ആരോഗ്യ പരിശോധനകൾ, വിദഗ്ധ ഡോക്ടർമാരുടെ നിർദേശങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കി. വരും ദിവസങ്ങളിലും കൂടുതൽ ആരോഗ്യ ബോധവത്കരണ പരിപാടികൾ നടക്കും. അടുത്ത മാസം സാധാരണക്കാരായ തൊഴിലാളികളുടെ താമസസ്ഥലത്ത് സംഘടിപ്പിക്കുന്ന വിപുലമായ മെഗാ മെഡിക്കൽ ക്യാമ്പോടുകൂടി ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമാപനമാകും.
ഉദ്ഘാടന യോഗത്തിൽ ബഹ്റൈൻ ലാൽകെയേഴ്സ് പ്രസിഡന്റ് എഫ്. എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ജഗത് കൃഷ്ണകുമാർ വരാനിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബഹ്റൈൻ മലയാളി സെയിൽസ് ടീം ഭാരവാഹികളായ അഗസ്റ്റിൻ മൈക്കിൾ, ചിന്തു ഉത്തമൻ, സിജുകുമാർ, അൽ ഹിലാൽ പ്രതിനിധികളായ സജ്ജാദ്, സഞ്ജു എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഷൈജു കൻപ്രത്ത് സ്വാഗതവും ട്രഷറർ അരുൺ ജി. നെയ്യാർ നന്ദിയും രേഖപ്പെടുത്തി. ലാൽകെയേഴ്സ് ഭാരവാഹികളായ അരുൺ തൈക്കാട്ടിൽ, ജെയ്സൺ, കിരീടം ഉണ്ണി, നിധിൻ തോമസ്, അഖിൽ, നന്ദൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
eqw3ewqdeqw3

