കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ബുദൈയ ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കുണ്ടറ ജോണി നഗറിൽ വെച്ച് പ്രൗഢമായി നടന്നു. ഏരിയ കോ-ഓർഡിനേറ്റർ ജോസ് മങ്ങാട് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിജോ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഏരിയ ജോയിന്റ് സെക്രട്ടറി പ്രിൻസ് മങ്ങാട് സ്വാഗതം ആശംസിച്ചു. കെ.പി.എ. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി നിസാം ഹനീഫ സമ്മേളനത്തിൽ അവതരിപ്പിക്കുകയും അംഗങ്ങൾ അത് ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ. സെക്രട്ടറി അനിൽകുമാറിനും കൈമാറി. ഇതിനെത്തുടർന്ന് വരും വർഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ. സെക്രട്ടറി രജീഷ് പട്ടാഴി, ഏരിയ കോ-ഓർഡിനേറ്റർ ജോസ് മങ്ങാട് എന്നിവർ വരണാധികാരികളായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം കെ.പി.എ. സെക്രട്ടറി രജീഷ് പട്ടാഴി നിർവ്വഹിച്ചു.
പുതിയ ഭാരവാഹികളായി വിജോ വിജയൻ (ഏരിയ പ്രസിഡന്റ്), നിസാം ഹനീഫ (സെക്രട്ടറി), ബിജു ഡാനിയേൽ (ട്രഷറർ), രാമകൃഷ്ണൻ എസ് (വൈസ് പ്രസിഡന്റ്), റെജി ജോയ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പ്രവാസ ലോകത്തെ കൊല്ലം സ്വദേശികളുടെ കൂട്ടായ്മയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സമ്മേളനത്തിന്റെ വിജയകരമായ സമാപനത്തിന് പുതിയ ജോയിന്റ് സെക്രട്ടറി റെജി ജോയ് നന്ദി രേഖപ്പെടുത്തി.
sdfdsf

