ഇറാന്റെ കടന്നുകയറ്റങ്ങൾക്കെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതിരോധം ഉയരണമെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) യൂറോപ്യൻ യൂണിയനും (ഇ.യു) തമ്മിലുള്ള പ്രാദേശിക സുരക്ഷയും സഹകരണവും സംബന്ധിച്ച മൂന്നാമത് ഉന്നതതല ഫോറത്തിൽ ജി.സി.സി പ്രതിനിധി സംഘത്തെ നയിച്ച് ബഹ്‌റൈൻ വിദേശകാര്യമന്ത്രിയും നിലവിലെ ജി.സി.സി മിനിസ്റ്റീരിയൽ കൗൺസിൽ പ്രസിഡന്റുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സംസാരിച്ചു. ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തു വെച്ചായിരുന്നു യോഗം നടന്നത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെ, ഇറാൻ തുടരുന്ന ആക്രമണങ്ങൾ കാരണം ഗൾഫ് പ്രദേശം ഇപ്പോഴും ഗുരുതരമായ വെല്ലുവിളികളാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾ, ജോർദാൻ എന്നിവിടങ്ങൾക്ക് നേരെയും ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യൂറോപ്യൻ യൂണിയൻ അപലപിച്ചതിനെ വിദേശകാര്യമന്ത്രി സ്വാഗതം ചെയ്തു. സൗദി അറേബ്യയുടെ 'വാദിയാൻ' (Wadiyan), ഖത്തറിന്റെ 'അൽ റുഖയാത്ത്' (Al Rukayat) എന്നീ ടാങ്കറുകൾക്ക് നേരെ ഇറാൻ നേരിട്ട് നടത്തിയ ആക്രമണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യാതൊരുവിധത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണ് ഇത്തരം നഗ്നമായ ആക്രമണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്കിന്മേൽ നിയന്ത്രണം സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) കൗൺസിൽ ശക്തമായി അപലപിച്ചിട്ടുണ്ടെന്ന് ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. അതീവ തന്ത്രപ്രധാനമായ ഈ അന്താരാഷ്ട്ര ജലപാതയ്ക്ക് മേലുള്ള ഇറാന്റെ യാതൊരുവിധ പരമാധികാര അവകാശവാദങ്ങളെയും ഒരു രാജ്യവും അംഗീകരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഈ അന്താരാഷ്ട്ര കപ്പൽപ്പാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് മേൽ പെർമിറ്റ് സംവിധാനമോ നികുതിയോ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങളെ കർശനമായി തള്ളിക്കളയണമെന്നും അദ്ദേഹം ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു.
asdad

