കുടുംബ വഴക്കിനെ തുടർന്ന് അമ്മയുടെ വീടിന് തീയിട്ടു; ബഹ്‌റൈനിൽ നാൽപ്പതുകാരനെതിരെ വിചാരണ ആരംഭിച്ചു
പ്രദീപ് പുറവങ്കര
മനാമ: കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം അമ്മ താമസിക്കുന്ന വീടിന് മനഃപൂർവ്വം തീയിട്ട കേസിൽ നാൽപ്പതുകാരനായ സ്വദേശി യുവാവിന്റെ വിചാരണ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുംവിധം residential പ്രോപ്പർട്ടിക്ക് തീയിട്ട കുറ്റമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന്റെ താഴത്തെ നിലയിലുള്ള ലിവിംഗ് റൂമിൽ ഉണ്ടായ തീപിടുത്തം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് സിവിൽ ഡിഫൻസ് സംഘം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രശ്നങ്ങളിൽ ചെന്ന് ചാടരുതെന്നും എന്തെങ്കിലും ജോലി നോക്കണമെന്നും ഉപദേശിച്ചതിനെ തുടർന്ന് മകൻ തന്നോട് ദേഷ്യപ്പെടുകയായിരുന്നുവെന്ന് പ്രതിയുടെ 79 വയസ്സുള്ള അമ്മ പ്രോസിക്യൂഷന് മൊഴി നൽകി. വീട് കത്തിക്കുമെന്ന് മകൻ മുൻപും ഭീഷണിപ്പെടുത്തിയിരുന്നതായും ഇതേതുടർന്ന് പോലീസിൽ പരാതി നൽകാൻ പോയതാണെന്നും അവർ വ്യക്തമാക്കി.
അമ്മ പോലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് വീടിന് തീപിടിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ ലിവിംഗ് റൂമിന് കടുത്ത കേടുപാടുകൾ സംഭവിക്കുകയും ഏകദേശം 500 ബഹ്‌റൈനി ദീനാറിന്റെ നഷ്ടം കണക്കാക്കുകയും ചെയ്തിട്ടുണ്ട്. തന്റെ മകൻ മയക്കുമരുന്നിന് അടിമയാണെന്നും മാനസികമായി അസ്ഥിരത പ്രകടിപ്പിച്ചിരുന്നതായും അമ്മ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
dfsdf

