ഉപഭോക്താവിൽ നിന്ന് പതിനാലായിരം ദീനാർ തട്ടിയെടുത്ത അഭിഭാഷകന് ഒരു വർഷം തടവ് ശിക്ഷ
പ്രദീപ് പുറവങ്കര
മനാമ: ഉപഭോക്താവിൽ നിന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി 14,000 ബഹ്റൈൻ ദീനാർ തട്ടിയെടുത്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഭിഭാഷകന് ബഹ്റൈൻ ലോവർ ക്രിമിനൽ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ താല്ക്കാലികമായി റദ്ദാക്കുന്നതിനായി 100 ദീനാർ ജാമ്യതുകയായി കോടതി നിശ്ചയിച്ചു. കേസിനാസ്പദമായ സിവിൽ ക്ലെയിം ഫീസ് കൂടാതെ ബന്ധപ്പെട്ട കോടതിയുടെ പരിഗണനയ്ക്കായി കൈമാറുകയും ചെയ്തു.
പരാതിക്കാരിയുടെ മകനെ പ്രതിനിധീകരിച്ച് ഒരു ക്രിമിനൽ കേസ് നടത്തുന്നതിനായി 3,500 ദീനാർ പ്രതിഫലം നിശ്ചയിച്ച് ഇരുവരും തമ്മിൽ ഒപ്പിട്ട വാക്കാലുള്ള കരാറിലാണ് കേസിന്റെ തുടക്കം. ഈ തുക പരാതിക്കാരി പൂർണ്ണമായും നൽകിയിരുന്നു. എന്നാൽ പിന്നീട് മകന്റെ ജാമ്യത്തിനായി എന്ന വ്യാജേന അഭിഭാഷകൻ 8,000 ദീനാർ അധികമായി ആവശ്യപ്പെടുകയും, ഇതിൽ 4,000 ദീനാർ പരാതിക്കാരി രണ്ട് തവണകളായി കൈമാറുകയും ചെയ്തു. തുടർന്ന്, വിദേശത്ത് പോയി നിയമോപദേശം തേടുന്നതിനും കേസ് രേഖകൾ തയ്യാറാക്കുന്നതിനുമായി 6,000 ദീനാർ കൂടി ആവശ്യപ്പെട്ട് ഇയാൾ വാട്സ്ആപ്പ് വഴി വോയ്സ് മെസ്സേജ് അയച്ചു. ഈ തുകയും പരാതിക്കാരി രണ്ട് തവണകളായി നൽകി.
പണം കൈമാറിയതുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മകൾ പ്രതിയുമായി ബന്ധപ്പെട്ടപ്പോൾ, തനിക്ക് തെറ്റ് പറ്റിയതായി അഭിഭാഷകൻ സമ്മതിക്കുകയും പണം തിരികെ നൽകാമെന്ന് ഏൽക്കുകയും ചെയ്തു. ഇതിനായി 8,000 ദീനാറിന്റെ മൂന്ന് ചെക്കുകൾ നൽകിയെങ്കിലും ആകെ നൽകിയ തുക 17,500 ദീനാറാണെന്ന് വ്യക്തമാക്കി മകൾ ചെക്കുകൾ തിരിച്ചയച്ചു. തന്റെ ഫീസ് 3,500 ദീനാർ മാത്രമാണെന്നും ബാക്കി തുക കയ്യിലില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.
സിവിൽ ക്ലെയിം ഭാഗത്തെ പ്രതിനിധീകരിച്ച അഭിഭാഷക മനാർ അൽ തമീമി, കരാറിന്റെയും സാമ്പത്തിക ഇടപാടുകളുടെയും കൃത്യമായ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കോടതി വാദം കേൾക്കാൻ നിശ്ചയിച്ചിരുന്ന തീയതിക്ക് ശേഷം പ്രതി ബഹ്റൈൻ വിട്ടതായി കണ്ടെത്തി. ഈ അഭിഭാഷകനെതിരെ സമാനമായ രീതിയിലുള്ള മറ്റ് തട്ടിപ്പ് കേസുകൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
assasddsads

