സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ട് പണം നൽകരുത്; ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ബഹ്റൈൻ പോലീസിന്റെ കർശന മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര
മനാമ: ടിക്‌ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ പരസ്യങ്ങൾ നൽകി നടത്തുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. വിൽപനക്കാരൻ്റെ വിശ്വാസ്യത നേരിട്ട് ബോധ്യപ്പെടാതെ ഒരു കാരണവശാലും മുൻകൂർ പണം കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കവെ ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ ആണ് ഈ മുന്നറിയിപ്പ് നൽകിയത്. നിരന്തരം ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തിയിട്ടും നിരവധി പേർ ഇപ്പോഴും വ്യാജ അക്കൗണ്ടുകൾ വഴി വഞ്ചിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം പലതവണ ആവർത്തിച്ചിട്ടുള്ളതാണെന്ന് തോന്നാമെങ്കിലും, ഇരകളെയും കാത്ത് ഇപ്പോഴും നിരവധി കുറ്റവാളികളാണ് ഓൺലൈനിലുള്ളതെന്നും വെറുമൊരു ചിത്രമോ വീഡിയോയോ കണ്ടിട്ട് മാത്രം ദയവായി ആരും പണം നൽകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിലകൂടിയ വാഹനങ്ങൾ, ഫർണിച്ചറുകൾ, അബായകൾ തുടങ്ങിയവയുടെ ആകർഷകമായ ചിത്രങ്ങളോ വീഡിയോകളോ പങ്കുവെച്ചാണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്. ഇവ ബുക്ക് ചെയ്യുന്നതിനായി അഡ്വാൻസ് തുക ആവശ്യപ്പെടുകയും, പണം ലഭിച്ചാലുടൻ വിൽപനക്കാരൻ അപ്രത്യക്ഷനാകുകയോ അല്ലെങ്കിൽ അങ്ങനെയൊരു ഉൽപ്പന്നം തന്നെ ഇല്ലെന്ന് വ്യക്തമാകുകയോ ചെയ്യും. അശ്രദ്ധ കാരണം ദിവസേന നിരവധി പേർക്കാണ് തങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി മാറ്റിവെച്ച പണം ഇത്തരത്തിൽ നഷ്ടപ്പെടുന്നത്.
അതുകൊണ്ട് തന്നെ വാഹനം, ഫർണിച്ചർ പോലുള്ള വിലകൂടിയ സാധനങ്ങൾ വാങ്ങുമ്പോൾ സോഷ്യൽ മീഡിയ പോസ്റ്റുകളെ മാത്രം ആശ്രയിക്കരുത്. സാധനങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുകയോ അല്ലെങ്കിൽ കുറഞ്ഞപക്ഷം ഫോൺ വഴിയെങ്കിലും ബന്ധപ്പെട്ട് വിൽപനക്കാരൻ്റെ വിവരങ്ങൾ കൃത്യമായി ഉറപ്പുവരുത്തുകയോ വേണം. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഓഫറുകളെ എപ്പോഴും സംശയത്തോടെ കാണണം. പണം നൽകുന്നതിന് മുൻപ് സാധനങ്ങൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ നിർബന്ധം പിടിക്കണമെന്നും ഇത്തരം കെണികളിൽ വീഴാതിരിക്കാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബോധവൽക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപരിചിതരായ വ്യക്തികൾക്ക് പണം കൈമാറുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും, ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
sc

